Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊടിപാറുന്ന ത്രികോണമത്സരത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും.
02/04/2016

എല്ലാക്കാലത്തും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് വൈക്കം. 1957ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മൂന്ന് തവണ മാത്രമാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. ബാക്കി എല്ലായ്‌പ്പോഴും ചെങ്കൊടിയാണ് ഇവിടെ പാറിയിട്ടുള്ളത്. ഏററവുമൊടുവില്‍ യു.ഡി.എഫ് വിജയിച്ചത് 1991ലാണ്. അന്ന് കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണന്‍ സി.പി.ഐയിലെ കെ.പി ശ്രീധരനെ 1038 വോട്ടുകള്‍ക്ക് തോല്‍പിച്ച് മണ്ഡലത്തില്‍ ത്രിവര്‍ണപതാക പാറിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വൈക്കം ചുവന്നു തന്നെയായിരുന്നു. 1996ല്‍ എം.കെ കേശവനിലൂടെ മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. എം.കെയുടെ നിര്യാണത്തെ തുടര്‍ന്ന് 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും, 2001ലെ തെരഞ്ഞെടുപ്പിലും പി.നാരായണന്‍ സീററ് നിലനിര്‍ത്തി. 2006ലും 2011ലും കെ.അജിത്തിലൂടെ എല്‍.ഡി.എഫ് തേരോട്ടം തുടര്‍ന്നു. ഇടതുപക്ഷത്ത് സി.പി.ഐയുടെ ശക്തികേന്ദ്രമായാണ് വൈക്കം അറിയപ്പെടുന്നത്. ആദ്യതെരഞ്ഞെടുപ്പ് മുതല്‍ തന്നെ സി.പി.ഐ മത്സരിക്കുന്ന ഇവിടം കഴിഞ്ഞ 40 വര്‍ഷമായി സംവരണമണ്ഡലമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപാര്‍ട്ടിയായ ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമാണ്. കേരളത്തില്‍ ഈഴവസമുദായത്തിന് ഏററവുമധികം സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വൈക്കം. എന്‍.ഡി.എ മുന്നണിയുടെ ഭാഗമായുള്ള ബി.ഡി.ജെ.എസിന്റെ രംഗപ്രവേശം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ഇടതുപക്ഷത്തെ വെള്ളം കുടിപ്പിക്കുമെന്ന് കരുതിയെങ്കിലും തിരിച്ചടി ഉണ്ടായത് കോണ്‍ഗ്രസിനായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് 20000ത്തില്‍ അധികം വോട്ടുകളാണ് ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണി നേടിയത്. വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുമുന്നണികളും വോട്ട് തേടുന്നത്. വൈക്കം വികസനരംഗത്ത് ഏറെ മുന്നേറിയെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തിനപ്പുറം ഒന്നുംതന്നെ മണ്ഡലത്തില്‍ ഇല്ലെന്നും, ഇന്നും പിന്നോക്കം നില്‍ക്കുന്ന കേരളത്തിലെ അപൂര്‍വം മണ്ഡലങ്ങളിലൊന്നാണ് വൈക്കമെന്നും യു.ഡി.എഫ് വാദിക്കുന്നു. എന്നാല്‍ ഇരുമുന്നണികളും വൈക്കത്തെ ഏറെ പിന്നോട്ടടിച്ചെന്ന് ബി.ഡി.ജെ.എസ് പറയുന്നു. എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് തീരുമാനമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ സി.കെ ആശയും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസിലെ എന്‍.കെ നീലകണ്ഠന്‍ മാസ്റ്ററുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ പന്തളം സുധാകരന്‍ മുതല്‍ അഡ്വ. എ.സനീഷ്‌കുമാറിന്റെ പേരുവരെ പറഞ്ഞുകേള്‍ക്കുന്നു.മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ബി.ഡി.ജെ.എസ് പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും തലവേദനയായിരിക്കും. കാലങ്ങളായി ഇടതുവലതു മുന്നണികള്‍ക്ക് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം ഇത്തവണ മാറി ചിന്തിക്കുമെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നു. ചരിത്രനഗരിയിലെ പോരാട്ടം ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇത്തവണ പ്രവചനാതീതമായിരിക്കും. കാരണം കാലങ്ങളായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇടതുപക്ഷം വിജയമുറപ്പിച്ച് മുന്നേറുന്ന സ്ഥിതിവിശേഷമായിരുന്നു. ഇതിന് ഇത്തവണ മാറരമുണ്ടാകാന്‍ സാധ്യത തെളിയുമ്പോള്‍ പൊടിപാറുന്ന ത്രികോണമത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക.