Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുത്തന്‍കായല്‍ പ്രതിസന്ധി: കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി സഹകരണ മന്ത്രിയുടെ ഇടപെടല്‍
28/06/2021
വെച്ചൂര്‍ പുത്തന്‍കായലില്‍ സന്ദര്‍ശനം നടത്തിയ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നു.

വൈക്കം: വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു ദുരിതത്തിലായ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി സഹകരണ മന്ത്രിയുടെ ഇടപെടല്‍. വെച്ചൂര്‍ പുത്തന്‍ കായലിലെ 150 ഏക്കറില്‍ കൃഷി ചെയ്യുന്ന 49 ഓളം കര്‍ഷകര്‍ക്കാണ് മന്ത്രി വിഎന്‍ വാസവന്റെ സന്ദര്‍ശനത്തിലൂടെ ആശ്വസമെത്തിയത്. പുത്തന്‍കായല്‍ കൃഷിഭൂമിയിലെ ബ്ലോക്ക് അഞ്ചിലെ ഹൈപവര്‍ മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതര്‍ കഴിഞ്ഞ ഏപ്രിലില്‍ വിച്ഛേദിച്ചിരുന്നു. കൃഷി സംരക്ഷിക്കുന്നതിനായി ഇത് പുനഃസ്ഥാപിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. കായലിലെ ജലനിരപ്പിനെക്കാള്‍ രണ്ടു മീറ്റര്‍ താഴ്ന്ന പ്രദേശമായതുകൊണ്ട് മോട്ടോര്‍ ഉപയോഗിച്ചാണ് കാലങ്ങളായി വെള്ളം പുറത്തേക്ക് അടിച്ചു കളഞ്ഞു കൃഷി സംരക്ഷിച്ചു വരുന്നത്. നെല്‍കൃഷിയ്ക്ക് പുറമെ ഇവിടെ തെങ്ങ്, ജാതി, ഗ്രാമ്പു, കൊക്കോ, വാഴ, പച്ചക്കറികള്‍ എന്നിവവയും കൃഷി ചെയ്തുവരുന്നുണ്ട്. 1998 മുതല്‍ 2020 ജൂലൈ വരെയുള്ള വൈദ്യുതിയുടെ കുടിശ്ശിക കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ വിഷയം സികെ ആശ എംഎല്‍എ കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് കൃഷിവകുപ്പ് കുടിശ്ശിക തുകയായ 3.93 കോടി രൂപ കെഎസ്ഇബിക്ക് അടച്ച് കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. മഴക്കാലത്ത് പ്രദേശത്ത് നിറയുന്ന വെള്ളം ആറു മോട്ടോറുകള്‍ ഉപയോഗിച്ചാണ് പുറത്തേക്ക് അടിച്ചു കളയുന്നത്. പുത്തന്‍ കായലിലെ ആറു മോട്ടോറുകളില്‍ ഒന്നിനു വ്യവസായ വൈദ്യുതി നിരക്ക് ഈടാക്കുന്ന നടപടിയാണ് കര്‍ഷകര്‍ക്ക് വിനയായത്. സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഈ മോട്ടോര്‍ ഇരിക്കുന്ന ഭാഗത്ത് ഒരു റിസോര്‍ട്ടും, കര്‍ഷകരുടെ നാളികേരം എണ്ണ ആക്കുന്നതിനുള്ള ചെറിയ മില്ലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന നിരക്ക് കര്‍ഷകരും നല്‍കണം എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. കര്‍ഷകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി പുത്തന്‍ കായല്‍ സന്ദര്‍ശിച്ചത്. കര്‍ഷകരുടെ പരാതികള്‍ കേട്ടതിനുശേഷം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി മന്ത്രി വിഎന്‍ വാസവന്‍ ഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് കര്‍ഷകര്‍ കാര്‍ഷിക ആവശ്യത്തിന് ഉപയാഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കൃഷിക്കായി അനുവദിച്ച താരിഫില്‍ ഈടാക്കുന്നതിന് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്‍, കെ കുഞ്ഞപ്പന്‍, കെകെ ഗണേശന്‍, കെ അരുണന്‍, കെ എന്‍ വേണുഗോപാല്‍, കെഎസ് ഷിബു, മഞ്ജു ഷിജിമോന്‍, ഷാജി ഫിലിപ്പ്, കെബി പുഷ്‌കരന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.