Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ ആകാശത്തേക്ക്‌ ഓണ്‍ലൈനിലൂടെ ചുവടുവെച്ച് കുരുന്നുകള്‍
02/06/2021

വൈക്കം: പുതിയ അധ്യയന വര്‍ഷത്തില്‍ അറിവിന്റെ ലോകത്തിലേക്ക് ചുവടുവച്ച് പ്രവേശിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ആയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നുതന്നെ പ്രവേശനോത്സവം ആഘോഷിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റ്, സൂം ആപ്പ്, വാട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയാണ് പ്രവേശനോത്സവം നടത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളും അരങ്ങേറി.
വൈക്കം ആശ്രമം സ്‌കൂളിലെ പ്രവേശനോത്സവം സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സികെ ആശ എംഎല്‍എ, പ്രധാനാധ്യാപിക പിആര്‍ ബിജി, പിടിഎ പ്രസിഡന്റ് പിപി സന്തോഷ് തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ചു. ഗായിക ഫിദ ഫാത്തിമ പ്രവേശനോത്സവ ഗാനം ആലപിച്ചു.
വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാധികാ ശ്യാം, എഇഒ പ്രീതാ രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കെ ശശികല, ഹെഡ്മാസ്റ്റര്‍ എന്‍ സതീശന്‍, പിടിഎ പ്രസിഡന്റ് ടിജി പ്രേംനാഥ്, എംപിടിഎ പ്രസിഡന്റ് സജിനി പൊന്നപ്പന്‍, അധ്യാപക പ്രതിനിധി സിപി അജിമോന്‍, വിവി അഭിലാഷ് തുടങ്ങിയ'വര്‍ വിദ്യാര്‍ഥികള്‍ക്കായി ആശംസ അര്‍പ്പിച്ചു. പൊതുപരിപാടികള്‍ക്ക് ശേഷം ഓരോ ക്ലാസ്സ് തല പ്രവേശനോത്സവം നടത്തി. തുടര്‍ന്ന് പുതുതായി വന്ന കുട്ടികളുടെ പരിചയപ്പെടലും കലാപരിപാടികളും അരങ്ങേറി.
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി സുമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലേഖ ശ്രീകുമാര്‍ നിര്‍വഹിച്ചു. പൊതുവായ ഓണ്‍ലൈന്‍ യോഗത്തിനു ശേഷം ഓരോ ക്ലാസുകളിലും പ്രത്യേക യോഗം ചേര്‍ന്നു.
വെച്ചൂര്‍ ദേവിവിലാസം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ വിദ്യാര്‍ഥി പ്രതിനിധികളെ പങ്കെടുപ്പിച്ചു പൊതു പരിപാടിയും തുടര്‍ന്നു ക്ലാസ്തല പ്രവേശനോത്സവവുമാണ് നടത്തിയത്. വീഡിയോ പ്രദര്‍ശനം വഴി കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.
നേരേകടവ് ഗവ. എല്‍പി സ്‌കൂളില്‍ യന്ത്ര മനുഷ്യന്‍ കുട്ടികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. 6 മാസം മുന്‍പ് എറണാകുളം ബ്രോഡ്വേയിലെ വ്യാപാരസ്ഥാപന ഉടമകളാണ് യന്ത്ര മനുഷ്യനെ സ്‌കൂളിലേക്ക് സംഭാവന നല്‍കിയത്. സ്വിച്ചിട്ടാല്‍ സംസാരിക്കുന്ന യന്ത്ര മനുഷ്യന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വീഡിയോ പ്രദര്‍ശനം വഴിയാണ് കുട്ടികളെ സ്വാഗതം ചെയ്തത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് മിനിമോള്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
തലയോലപ്പറമ്പ് ഗവ. എജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ വീഡിയോ പ്രദര്‍ശനം മുഖേന അരങ്ങേറി.
തലയാഴം തോട്ടകം സികെഎം യുപി സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ എന്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ ഗവ. എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎസ് ശരത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എംകെ മധു അധ്യക്ഷത വഹിച്ചു. ടിവിപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പികെ സുജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ പാഠ്യേതര മികവുകള്‍ കണ്ടെത്താനായി നടത്തുന്ന മികവ് പദ്ധതിയുടെ അധ്യയന വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ടിവിപുരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അനിയമ്മ അശോകന്‍ ഉദ്ഘാടനം ചെയ്തു.   നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് അംഗം ഗീത ജോഷി നിര്‍വഹിച്ചു. വെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ.മണിലാല്‍ അധ്യക്ഷത വഹിച്ചു.
കുലശേഖരമംഗലം മാറ്റപ്പറമ്പ് എന്‍ഐഎം യുപി സ്‌കൂളിലെ പ്രവേശനോത്സവം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെഐ ഷെറീഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, പ്രധാനാധ്യാപിക സജീത ബീഗം, ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗ്ലാഡിസ്, എഎ നൗഷാദ്, സിഎസ് മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.