Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് വ്യാപനം രൂക്ഷം: ഉദയനാപുരം പഞ്ചായത്ത് അടച്ചു; വെച്ചൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
27/05/2021

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉദയനാപുരം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചു. കോവിഡ് ബാധിച്ച് നിലവില്‍ മുന്നൂറോളം പേരാണ് പഞ്ചായത്ത് പരിധിയില്‍ ചികിത്സയിലുള്ളത്. ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടു വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ ഉടമയും, ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതാണ്. ഇതിനായി വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ വ്യാപാരസ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധനയ്ക്കായി വല്ലകം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കും. കോവിഡ് ബാധിതരുടെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും വീടുകളില്‍ വാര്‍ഡ് മെമ്പറുടെയും, സന്നദ്ധസേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ എത്തിച്ചു നല്‍കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കുമെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെച്ചൂര്‍ പഞ്ചായത്ത് 12, 13 വാര്‍ഡുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റവന്യു, കൃഷി, ആരോഗ്യ, പോലിസ് അധികൃതരുടെ യോഗം ചേര്‍ന്നു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ മാത്രമേ പഞ്ചായത്തില്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് രണ്ടിനു അടക്കണം. വ്യാപാര സ്ഥാപനങ്ങളുടെ ഉടമയും ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഇതിനായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പരിരോധന ക്യാമ്പ് തുറക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗ സാധ്യത കൂടുതലുള്ള 15ഓളം സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി. കോവിഡ് ബാധിതരുടെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും വീടുകളില്‍ വാര്‍ഡ് മെമ്പറുടെയും ജാഗ്രതാ സമിതിയുടേയും നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ മരുന്നു തുടങ്ങിയവ എത്തിച്ചു കൊടുക്കും. പഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ഷൈല കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പികെ മണിലാല്‍, സോജി ജോര്‍ജ്, ബീന, മെമ്പര്‍മാരായ സഞ്ജയന്‍, സ്വപ്നമനോജ്, ബിന്ദു മോള്‍, ആന്‍സി തങ്കച്ചന്‍, ഗീത സോമന്‍, മിനിമോള്‍, ശാന്തിനി, വില്ലേജ് ഓഫിസര്‍ സുനില്‍കുമാര്‍, എ എസ്‌ഐ ബിജു, കൃഷി, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.