Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് സെന്റർ തുറന്നു
26/05/2021
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ തുടങ്ങിയ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ രണ്ടു പുതിയ കെട്ടിട സമുച്ചയത്തില്‍ തുടങ്ങിയ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം സികെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിലാണ്  100 കിടക്കകളുള്ള  ചികിത്സാകേന്ദ്രം സജ്ജമാക്കിയത്.  24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ചികിത്സാകേന്ദ്രത്തില്‍ 50 കിടക്കള്‍ സ്ത്രീകള്‍ക്കും 50 കിടക്കകള്‍ പുരുഷന്‍മാര്‍ക്കുമായി രണ്ടു വാര്‍ഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നു ഡോക്ടര്‍മാര്‍, നാലു സ്റ്റാഫ്‌ നഴ്‌സുമാര്‍, എട്ടു ക്ലീനിങ് ജീവനക്കാർ, ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലണ്ടറുകള്‍ ആത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ചെറിയതോതില്‍ സൗകര്യം ഉണ്ട്. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികളെ താലൂക്ക് ഗവ. ആശുപത്രിയിലെ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും.വെന്റിലേറ്റര്‍ സൗകര്യം ആവശ്യം വരുന്ന ഘട്ടത്തില്‍ അത്തരം രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും,ജില്ലാ ആശുപത്രിയിലേക്കും മാറ്റും. മാലിന്യ സംസ്‌കരണത്തിന് സ്‌കൂള്‍ വളപ്പില്‍ തന്നെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടിന് പ്രഭാത ഭക്ഷണം 11ന് ചായയും ലഘു ഭക്ഷണവും ഉച്ചയ്ക്ക് ഊണും വൈകിട്ട് നാലിന് ചായയും ലഘു ഭക്ഷണവും രാത്രി 7.30ന് കഞ്ഞിയും പയറും ചമ്മന്തിയും എന്ന നിലയിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം ഊണിനോടൊപ്പം മീന്‍ കറിയും ഞായറാഴ്ച്ചകളില്‍ ചിക്കന്‍ കറിയും ആഴ്ചയിലൊരിക്കല്‍ ഫ്രൂട്ട്‌സും മുട്ടയും നല്‍കും. ടി വി കാണുന്നതിനും പുസ്തകങ്ങള്‍ വായിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചൂടുവെള്ളം യഥാസമയവും ലഭിക്കുവാന്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് 12 ക്ലീനിങ് സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രത്തിലേക്ക് സുമനസുകള്‍ക്ക് ഭക്ഷണസാധനങ്ങളോ, സാമ്പത്തിക സഹായമോ, മറ്റു സഹായങ്ങളോ നല്‍കാന്‍ സൗകര്യം ഉണ്ട്. പൊതുജനങ്ങളുടെ സഹായ സഹകരണങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. സഹായങ്ങള്‍ എത്തിക്കാന്‍ 9567503451 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിഎസ് പുഷ്പമണി, ഹൈമി ബോബി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് പിആര്‍ സലില, സുമേഷ് സന്തോഷ്, എംകെ ശീമോന്‍, എസ് ബിജു, സുജാതമധു, സുലോചന, ഇടയാഴം മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന, ഡോ. ജസിയ ജോര്‍ജ്, ഡോ. ഏടന്‍സ് ജോസ്, ബിഡിഒ എസ് സനീഷ്, എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.