Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രൈവറ്റ് ബസ് സ്റ്റാന്റിലെ തണല്‍ മരങ്ങളുടെ അപകടാവസ്ഥ പ്രദേശത്തെ ആശങ്കയിലാക്കുന്നു
23/05/2021
പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ അടിവേര് വിട്ടു അപകട നിലയില്‍ ചെരിഞ്ഞു തുടങ്ങിയ തണല്‍ മരങ്ങള്‍.

വൈക്കം: വൈക്കം ടൗണില്‍ നഗരസഭയുടെ ചുമതലയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റില്ലെ രണ്ടു തണല്‍ മരങ്ങള്‍ അടിവേര് തകര്‍ന്ന് അപകടനിലയിലായത് കച്ചവടക്കാരെയും സമീപ വാസികളെയും ഭീതിപ്പെടുത്തുന്നു. കനത്തമഴയും കാറ്റും ഉണ്ടാകാനുള്ള മുന്നറിയിപ്പുകള്‍ക്കിടയില്‍ മരങ്ങള്‍ കാറ്റില്‍ ആടിയുലയുന്നത് പ്രദേശത്ത് ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു നൂറ്റാണ്ടുകാലത്തെ വളര്‍ച്ചയും പഴമയും ഉള്ളതാണ് മരങ്ങള്‍. ദീര്‍ഘകാലം സ്റ്റാന്റില്‍ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റും തണലേകിയ മരം ഇപ്പോള്‍ അപകടകരമായത് കച്ചവടക്കാരെയും യാത്രക്കാരെയും വിഷമിപ്പിക്കുന്നുണ്ട്. മരം മുറിച്ചുമാറ്റേണ്ട സാഹചര്യം അനിവാര്യമായതും പ്രകൃതി സ്നേഹികള്‍ക്ക് നൊമ്പരമാണ്. എങ്കിലും മരം മുറിച്ചു മാറ്റിയില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി ,ആശുപത്രി, ബോട്ട്ജെട്ടി, കച്ചേരിക്കവല റോഡരികിലാണ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. യാത്രക്കാരും വാഹനത്തിരക്കും ഏറെയാണ്. റോഡിലെക്ക് തലനീട്ടി നില്‍ക്കുന്ന വലിയശിഖരങ്ങള്‍ മരത്തിന്റെ ചുവടിന് താങ്ങാനാക്കാത്ത ഭാരമായി. വേമ്പനാട്ട് കായലിന്റെ തീരത്തുള്ള ഈ ഭാഗത്ത് കാറ്റും കോളും അനുഭവപ്പെട്ടാല്‍ മരം നിലംപൊത്തേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. താലൂക്ക് ആശുപത്രിയിലേക്കും വൈക്കം നഗരപ്രദേശങ്ങളിലേക്കേും 11 കെവി ലൈന്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. മരം മറിഞ്ഞുവീണാല്‍ ഉണ്ടാകുന്ന ആഘാതം ഒട്ടേറെ നാശ നഷ്ടങ്ങള്‍ക്കിടയാക്കും. വൈദ്യുതി വിതരണം പാടേ നിലയ്ക്കാന്‍ സാഹചര്യം ഉണ്ടാകും. മരങ്ങളുടെ അപകട സാഹചര്യം കച്ചവടക്കാരും പ്രദേശ വാസികളും ചേര്‍ന്ന് നഗരസഭയ്ക്ക് പരാതി കൊടുത്തിരുന്നു. സെക്രട്ടറിയും,റവന്യു ഇന്‍സ്പെക്ടറും സ്ഥലം സന്ദര്‍ശിച്ച് അപകട സാഹചര്യം ബോധ്യപ്പെടുകയും മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് സമീപവാസി ശിവദാസ് നാരായണന്‍ പറഞ്ഞു. തീവ്രരമഴയുടെയും ചുഴലികാറ്റിന്റെയും സാഹചര്യങ്ങളുടെ പേരില്‍ ദുരന്തനിവാരണ നിയമ പ്രകാരം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടറും റവന്യു വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അപകട സാഹചര്യത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.