Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴമന മുട്ടുങ്കലിലെ ഓരുമുട്ട് പൊളിച്ചു നീക്കി
17/05/2021
വാഴമന മുട്ടുങ്കലിലെ ഓരുമുട്ട് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു.

വൈക്കം: വാഴമന മുട്ടുങ്കലില്‍ സ്ഥാപിച്ചിരുന്ന ഓരുമുട്ട് പൊളിച്ചു നീക്കി. തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തിലെ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. യഥാസമയം ഓരുമുട്ട് പൊളിച്ചുനീക്കാത്തതാണ് വീടുകളില്‍ വെള്ളം കയാറാന്‍ കാരണമായത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സികെ ആശ എംഎല്‍എ ഉള്‍പ്പെടെ സ്ഥലത്തെത്തി മുട്ട് പൊളിച്ചുനീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ജെസിബിയും ക്രെയിനും ഉപയോഗിച്ചാണ് ഞായറാഴ്ച രാത്രിയോടെ മുട്ട് പൊളിച്ചുനീക്കിയത്. വാഴമന മുട്ടുങ്കലില്‍ സമീപ പ്രദേശങ്ങളിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ സ്ഥാപിച്ച മുട്ട് ആണ് പൊളിച്ചു നീക്കാതിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 50 മീറ്റര്‍ നീളത്തില്‍ മുട്ട് സ്ഥാപിച്ചത്. മുട്ട് പൊളിക്കാത്തതുമൂലം വാഴമന, വടയാര്‍ പ്രദേശത്തെ ചെറുതോടുകളും, ജലാശയങ്ങളും നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. കുറച്ച് ദിവസങ്ങളായി മഴ കനത്തതോടെ വെള്ളം കരകവിഞ്ഞൊഴുകി പറമ്പുകളിലേക്ക് വ്യാപിച്ചു. വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗം ഇല്ലാതായതോടെയാണ് വീടുകളെല്ലാം വെള്ളത്തിലായത്. പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇറിഗേഷന്‍ വകുപ്പ് കരാറുകാരന്‍ മുട്ട് പൊളിച്ചു നീക്കാന്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.