Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് വ്യാപനം: ക്ഷീരമേഖല പ്രതിസന്ധിയില്‍
17/05/2021

വൈക്കം: കോവിഡ് മഹാമാരി മൂലം ക്ഷീരമേഖലയും ക്ഷീരകര്‍ഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മില്‍മയും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഉദയനാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനമൂലം വരവും ചെലവും പൊരുത്തപ്പെടാതെ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് കോവിഡ് വലിയ ദുരിതമാണ് വരുത്തിവെച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ അടിക്കടി വില വര്‍ധിപ്പിക്കുന്നതുമൂലം കാലിത്തീറ്റയുടെ വില അടുത്തകാലത്ത് വലിയതോതില്‍ വര്‍ധിക്കുകയുണ്ടായി. ഇതിനുപുറമെയാണ് തീറ്റ സംഭരിക്കുന്നതിന് രോഗവ്യാപനവും നിയന്ത്രണങ്ങളും തടസ്സമാകുന്നത്. ഒരു ലിറ്റര്‍ പാലിന് 42 രൂപയിലധികം ഉല്‍പാദന ചെലവ് വരുന്നുണ്ടെന്ന് മില്‍മ നിയോഗിച്ച കമ്മിറ്റി തന്നെ കണ്ടെത്തിയിട്ടും മില്‍മ നല്‍കുന്ന വിലയനുസരിച്ച് 38-39 രൂപ മാത്രമാണ് സംഘങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളും കടകളും അടഞ്ഞതോടെ സംഘങ്ങളില്‍ നിന്നുള്ള പാല്‍ വിതരണം ഗണ്യമായി കുറയുകയും സംഘങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ക്ഷീരകര്‍ഷകരെയും ജീവനക്കാരെയും മുന്‍നിര പ്രവര്‍ത്തകരായി കണ്ട് അവരെ സംരക്ഷിക്കണമെന്നും ഉല്‍പാദക ബോണസ്, സബ്‌സിഡി എന്നിവയിലൂടെ കര്‍ഷകരെ സഹായിക്കണമെന്നും സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള  പാല്‍ സംഭരണ നിയന്ത്രണം പിന്‍വലിക്കണമെന്നും ക്ഷീരകര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വിടി അജയഘോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെഎം മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുര്യാക്കോസ് ചിറയില്‍, വിജയന്‍ വാഴമന, കെകെ സാബു എന്നിവര്‍ പ്രസംഗിച്ചു.