Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴയില്‍ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; മരങ്ങള്‍ കടപുഴകിവീണു വ്യാപകനാശം
16/05/2021
ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കല്‍ കടത്തു കടവില്‍ മരം വീണ് അക്കരപ്പാടത്തേക്കുള്ള കടത്ത് മുടങ്ങിയതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റുന്നു.

വൈക്കം: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് ഞായറാഴ്ചയും ശമനമായിട്ടില്ല. ശക്തമായ കാറ്റില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. വൈക്കം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ കഠിന പരിശ്രമം നടത്തിയാണ് അപകടാവസ്ഥ ഒഴിവാക്കാനായത്. നാനാടം അക്കരപ്പാടം കടത്തു കടവില്‍ മരം വീണ് കടത്ത് മുടങ്ങിയത് അക്കരപ്പാടം നിവാസികളെ ദുരിതത്തിലാക്കി. ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് മരം കടപുഴകി വീണത്. ജനങ്ങള്‍ക്ക് വള്ളത്തില്‍ അക്കരപ്പാടത്തു നിന്നും നാനാടത്തേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം എത്തി മരം വെട്ടി മാറ്റി. ചെമ്പ് മത്തുങ്കലില്‍ വീടിന്റെ മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചു. ചിറക്കല്‍ സുരേന്ദ്രന്റെ വീടിനു മുകളിലേക്ക് അരികിലായി നിന്നിരുന്ന വലിയ മാവ് ശക്തമായ കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ഒരു വശം ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ വൈക്കം അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഒരു യൂണിറ്റ് സംഘം എത്തി മരം വെട്ടി മാറ്റി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു. വൈക്കം കിളിയാട്ടുനട പാലത്തിനു സമീപം മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. കാട്ടിത്തറ മനോജ് കുമാറിന്റെ വീട്ടില്‍ നിന്നിരുന്ന വലിയ മാവ് റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വൈക്കം അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചു. ഒരു യൂണിറ്റ് സംഘം എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് അസി. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ടി.ഷാജി കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ എംകെ ബൈജു, പികെ റജിമോന്‍, കെപി ഹാഷിം, ഐബി സനീഷ്, എംകെ രമേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.