Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ തുടരുന്നു; ജാഗ്രതയോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
15/05/2021

 

വൈക്കം: വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ ശനിയാഴ്ചയും ശമനമില്ലാതെ തുടര്‍ന്നതോടെ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴ കനത്തതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ പുലര്‍ത്താന്‍ നഗരസഭയും പഞ്ചായത്തുകളും നിര്‍ദേശിച്ചു. ഉദയനാപുരം പഞ്ചായത്തില്‍ അക്കരപ്പാടം, നേരേകടവ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തീരദേശ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ അറിയിച്ചു.
ടിവിപുരം പഞ്ചായത്തില്‍ ചെമ്മനത്തുകര കടത്തുകടവ്, കോട്ടച്ചിറ, മൂത്തേടത്തുകാവ് എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അറിയിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ 7510253103, 7510217347.
തലയോലപ്പറമ്പ് പഞ്ചായത്തില്‍ കോരിക്കല്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവക്കും, മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ആറിന്റെ തീരത്ത് താമസിക്കുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ കരുതല്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഎം അനി അറിയിച്ചു.
വെള്ളൂര്‍ പഞ്ചായത്തിലെ പ്രദേശങ്ങളായ കരിപ്പാടം, വെട്ടിക്കാട്ടുമുക്ക്, പള്ളിപ്പടി, തോന്നല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. വാര്‍ഡ് അംഗങ്ങളുടെ യോഗം കൂടി ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു അറിയിച്ചു. മറവന്‍തുരുത്ത് പഞ്ചായത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പുല്‍ത്താന്‍ നിര്‍ദേശം നല്‍കി. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെബി രമ അറിയിച്ചു.
വൈക്കം നഗരസഭയില്‍ റവന്യൂ വകുപ്പുമായി സഹകരിച്ച് വെള്ളപ്പൊക്കം മുന്നില്‍ കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. വെച്ചൂര്‍ പഞ്ചായത്തില്‍ അച്ചിനകം പാടശേഖരം, അഞ്ചൊടി പാടശേഖരം എന്നീ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം, മെഡിസിന്‍ വിതരണം നടത്തി.
ചെമ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു. തലയാഴം പഞ്ചായത്തില്‍ കണ്ടംതുരുത്ത്, പള്ളിയാട്, തോട്ടകം, ചെട്ടിക്കരി, അമ്പാനപ്പള്ളി എന്നീ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം പൊങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കരിയര്‍ സ്പില്‍വേ തുറന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകുമെന്നാണ് പ്രതീക്ഷ.