Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധത്തിന് 50 ലക്ഷം രൂപ അനുവദിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത്
10/05/2021
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നു.

വൈക്കം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വൈക്കത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ പടിയായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. 100 കിടക്കകള്‍ ഉള്ള കോവിഡ് ചികിത്സാ കേന്ദ്രം വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ മുഴുവന്‍ ചെലവും ബ്ലോക്ക് പഞ്ചായത്താണ് വഹിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപയും തുടര്‍ന്ന് ഓരോ മാസവും 10 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. കൂടാതെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരുവിലും മറ്റും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് ബ്ലോക്ക് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 12ന്‌ രാവിലെ 11 മണിക്ക്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളുടെ യോഗവും ചേരും. പൊതുജനങ്ങള്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പിആര്‍ സലില, അംഗങ്ങളായ കെഎസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണ, എംകെ ശീമോന്‍, എംകെ റാണിമോള്‍, എസ് ബിജു, ഒഎം ഉദയപ്പന്‍, എസ് മനോജ് കുമാര്‍, സുലോചന പ്രഭാകരന്‍, ജസീല നവാസ്, സുജാത മധു, സെക്രട്ടറി ശ്രീദേവി കെ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.