Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡില്‍ അപകടങ്ങള്‍ തുടരുന്നത് ഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.
31/03/2016

എറണാകുളം-തലയോലപ്പറമ്പ് റോഡിലെ തലപ്പാറ മുതല്‍ നീര്‍പ്പാറ വരെയുള്ള റോഡില്‍ അപകടങ്ങള്‍ തുടരുന്നത് ഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡരികില്‍ താമസിക്കുന്നവര്‍ ഏറെ ഭയാശങ്കയോടെയാണ് വീടുകളില്‍ കഴിഞ്ഞുകൂടുന്നത്. ദിവസേന റോഡില്‍ അഞ്ചിലധികം അപകടങ്ങളെങ്കിലും സംഭവിക്കുന്നു. കാറും ഇരുചക്രവാഹനങ്ങളും ഭാരവണ്ടികളുമാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഉണ്ടായ അപകടങ്ങളില്‍ എട്ടിലധികം പേര്‍ മരിക്കുകയും അന്‍പതിലധികം പേര്‍ക്ക് ഗുരുതരവും നിസാരവുമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ തുടരുമ്പോഴും പ്രശ്‌നപരിഹാരമുണ്ടാക്കേണ്ട വാഹനവകുപ്പും പോലീസും തികഞ്ഞ നിഷ്‌ക്രിയത്വമാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. വെട്ടിക്കാട്ട്മുക്ക് പാലം, വടകരവളവ്, വരിക്കാംകുന്ന് വളവ്, നീര്‍പ്പാറ ഭാഗം എന്നിവിടങ്ങളിലാണ് ഏററവുമധികം അപകടങ്ങള്‍. അപകടങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ വളവുകളില്‍ റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യവും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നതും ശക്തമായി ഉയരാറുണ്ട്. ഈ സമയത്ത് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പുപറയാറുണ്ടെങ്കിലും തുടര്‍നടപടികള്‍ കടലാസില്‍ മാത്രമൊതുങ്ങും. വെട്ടിക്കാട്ട്മുക്ക് മുതല്‍ നീര്‍പ്പാറ വരെയുള്ള റോഡില്‍ വാഹനവകുപ്പിന്റെ ഒരു പരിശോധനപോലും നടക്കാറില്ല. പോലീസാണെങ്കില്‍ അതിര്‍ത്തിയുടെ പേരുപറഞ്ഞ് തടിതപ്പുന്നു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായതോടെ കുറച്ചുപ്രദേശങ്ങള്‍ വെള്ളൂര്‍ സ്റ്റേഷന്റെ പരിധിയില്‍ നിന്ന് തലയോലപ്പറമ്പിലേക്ക് മാറിയിരുന്നു. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇത് പോലീസിന് തടിതപ്പുവാന്‍ അവസരമൊരുക്കുന്നു. തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലും പതിവാണ്. ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍പോലും മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ഡി.ബി കോളേജിന്റെ മുന്‍ഭാഗത്ത് അമിതവേഗത സംബന്ധിച്ച് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേററങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ റോഡിന് വശങ്ങളിലുള്ള പതിനാലിലധികം വൈദ്യുതി പോസ്റ്റുകള്‍ അപകടത്തില്‍ നിലംപൊത്തിയിരുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈദ്യുതി ദുരന്തങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്. അതുപോലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുവാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ പെടാപ്പാട് പെടുന്ന അവസ്ഥയുമാണ്. അമിതവേഗതമൂലം അപകടങ്ങള്‍ റോഡില്‍ ഇത്രയധികം രൂക്ഷമായിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.