Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാന്‍ വിടപറയാന്‍ ഇനി ഒന്‍പത് ദിനങ്ങള്‍ കൂടി
03/05/2021


വൈക്കം: പാപമോചനത്തിന്റെ മന്ത്രധ്വനികളുമായി വന്നെത്തിയ റമദാന്‍ വിടപറയാന്‍ ഇനി ഒന്‍പത് ദിനങ്ങള്‍ കൂടി. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നാളുകള്‍ക്ക് വിടചൊല്ലി റമദാന്‍ അവസാന പത്തിലേക്ക് കടന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും വീടുകളില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി നിയന്ത്രണങ്ങളോടെയാണെങ്കിലും പള്ളികളില്‍ എത്തിച്ചേരാന്‍ കഴിയുന്നത് വിശ്വാസിസമൂഹത്തിന് ആശ്വാസമായിട്ടുണ്ട്. വിശ്വാസികള്‍ കൂടുതല്‍ സല്‍കര്‍ങ്ങളില്‍ വ്യാപൃതരാകുന്ന ദിനരാത്രങ്ങളാണ് റമദാനിലെ അവസാന പത്തുദിനങ്ങള്‍. ആയിരം മാസത്തേക്കാള്‍ പ്രതിഫലമുള്ള ലൈലത്തുല്‍ ക്വദ്റിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം. അവസാനപത്തിലെ ഒറ്റയൊറ്റ രാവുകളില്‍ ലൈലത്തുല്‍ ക്വദ്റിനെ പ്രതീക്ഷിക്കണമെന്നാണ് വിശ്വാസം. നോമ്പിനും സാധാരണയുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും പുറമെ തറാവീഹ് നമസ്‌കാരവും വ്രതാനുഷ്ഠാന നാളുകളില്‍ നടക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ അവസാന പത്തുനാളുകളില്‍ പുലര്‍ച്ചെയുള്ള ക്വിയാമുല്‍ ലൈല്‍ നമസ്‌കാരത്തിനും പള്ളിയില്‍ കഴിച്ചുകൂട്ടുന്നതിനും വിശ്വാസികള്‍ എത്തുമായിരുന്നു. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ഓരോ പള്ളികളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഖുര്‍ആന്‍ പാരായണവും ഉറക്കമൊഴിവാക്കിയുള്ള പ്രാര്‍ത്ഥനകളും വീടുകളിലാക്കിയിരിക്കുകയാണ് വിശ്വാസികള്‍. നിര്‍ബന്ധ ദാനത്തിനുപുറമെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്ക് ജീവിത വിഭങ്ങള്‍ എത്തിച്ചുകൊടുക്കാനും റമദാനിലെ അവസാനനാളുകളില്‍ വിശ്വാസികള്‍ കൂടുതല്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈലത്തുല്‍ ക്വദ്റിനെ പ്രതീക്ഷിക്കുന്ന ഒറ്റയൊറ്റ രാവുകളെ വരവേല്‍ക്കുവാനുള്ള ഒരുക്കത്തിലാണ് വിശ്വാസിസമൂഹം. രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന വ്രതാനുഷ്ഠാന ദിനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ നമസ്‌കാരവും നോമ്പുതുറയും ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാസ്‌കും സാമൂഹ്യ അകലവും നമസ്‌കാര പായയും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് താലൂക്കിലെ മഹല്ല് ഇമാമുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒട്ടുമിക്ക പള്ളികളിലും തറാവീഹ് നമസ്‌കാരം രാത്രി ഒന്‍പത് മണിക്ക് അവസാനിപ്പിക്കത്തക്ക തരത്തില്‍ നേരത്തെയാക്കി ക്രമീകരിച്ചിട്ടുണ്ട്.