Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ പൂര്‍ണമായി തുറന്നിടണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍
29/04/2021

വൈക്കം: തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ പൂര്‍ണമായി തുറന്നിടണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബത്തിന്റെയും അന്നദാതാവായ വേമ്പനാട്ടു കായലിനു കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ട് ഇപ്പോള്‍ ശാപമായി മാറിയിരിക്കുകയാണ്. ബണ്ടിന്റെ ഷട്ടര്‍ കഴിഞ്ഞ നാലര മാസമായി അടഞ്ഞു കിടക്കുന്നതുമൂലം വേമ്പനാട്ടു കായല്‍ വലിയ തോതില്‍ മലിനീകരണം നേരിടുകയാണ്. കടലില്‍ നിന്നുള്ള സ്വാഭാവിക വേലിയേറ്റം തടഞ്ഞു നിര്‍ത്തുന്നത് മത്സ്യ ഉല്‍പാദനത്തെ കാര്യമായി ബാധിക്കുന്നു. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കക്കയുടെ 97 ശതമാനവും വേമ്പനാട്ടു കായലില്‍ നിന്നാണ്. ഷട്ടര്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കായലിന്റെ പകുതിയിലധികം ഭാഗത്ത് ഉപ്പിന്റെ അസാന്നിധ്യം മൂലം കക്ക ഉല്‍പാദനത്തിന് വലിയ തോതില്‍ തിരിച്ചടിയായി.  ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്ത കാലം മുതല്‍ ബണ്ടിന്റെ ഷട്ടര്‍ കൃത്യ സമയത്ത് തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഡിസംബര്‍ 15നു അടച്ച് മാര്‍ച്ച് 15നു തുറക്കണമെന്ന പൊതുനയം ഒരിക്കല്‍ പോലും പാലിച്ചിട്ടില്ല. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ബണ്ടിന്റെ ഷട്ടര്‍ പൂര്‍ണമായി തുറന്നിടണം എന്നാണ് വിദഗ്ധര്‍ നിര്‍ദേശിട്ടിട്ടുള്ളത്. നെല്‍ക്കൃഷി രംഗത്തെ പുരോഗതിക്കായി നിര്‍മിച്ച ബണ്ട് ഇതുവരെ കാര്യമായ സംഭാവന നല്‍കിയിട്ടില്ല. കാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിച്ച് കൃഷി ഇറക്കാമെന്ന പ്രഖ്യാപനം പാഴ് വാക്കായി മാറി. നാലര പതിറ്റാണ്ട് പിന്നിട്ട തണ്ണീര്‍മുക്കം ബണ്ട് ഇനിയും അടച്ചിടാതെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രൊജക്ട് ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ സെക്രട്ടറി ഡി.ബാബു, പ്രസിഡന്റ് കെഎസ് രത്‌നാകരന്‍, വൈസ് പ്രസിഡന്റ് കെകെ രാജപ്പന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി..