Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമായി; പള്ളികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം
13/04/2021

വൈക്കം: പാപമോചനത്തിന്റെ മന്ത്രധ്വനികളുമായി ഇനി വ്രതശുദ്ധിയുടെ നാളുകള്‍. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മനസ്സും ശരീരവും സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന റമദാന്‍ വ്രതാനഷ്ഠാനത്തിന് ചൊവ്വാഴ്ച തുടക്കമായി. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ നമസ്‌കാരവും നോമ്പുതുറയും ഒരുക്കിയിരിക്കുന്നത്. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും വീടുകളില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി നിയന്ത്രണങ്ങളോടെയാണെങ്കിലും പള്ളികളില്‍ എത്തിച്ചേരാമെന്ന ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റമദാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റമദാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അവസാന പത്തിലെ ഒറ്റയൊറ്റ രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. ക്വുര്‍ആനിന്റെ അവതരണം കൊണ്ട് ശ്രേഷ്ഠമായ, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ ഈ രാവുകളിലൊന്നിലാണ്. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ സംഗമങ്ങളുമെല്ലാം റമദാനിനെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കും.