Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡിനെ ചവിട്ടിതോല്‍പിച്ച് പവനന്‍
09/04/2021
സൈക്കിളില്‍ ഓഫീസിലേക്കെത്തുന്ന വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസ് സെക്രട്ടറി കെ പവനന്‍

വൈക്കം: കോവിഡ് കാലത്ത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറ്റിവെച്ച സൈക്കിള്‍ സവാരി പുനരാരംഭിക്കുന്നതിനുള്ള അവസരമാക്കി മാറ്റി കെ പവനന്‍. ഒന്നര പതിറ്റാണ്ടിലേറെ കാലമായി സിപിഐയുടെ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. കൊവിഡ് മഹാമാരി ദുരന്തം വിതച്ചപ്പോഴും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമുണ്ടായില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി, യുവജന നേതൃത്വങ്ങളും ജനപ്രതിനിധികളും ഓഫീസിലെത്തിയപ്പോള്‍ ഇവിടെ എത്തിച്ചേരാന്‍ ഇദ്ദേഹത്തിന് സൈക്കിളിനെ ആശ്രയിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദിവസവും 30 കിലോമീറ്ററോളം സൈക്കിളിലാണ് പവനന്റെ വരവും പോക്കും. എഐവൈഎഫിലൂടെയും കെപിവൈഎമ്മിലൂടെയും പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഇദ്ദേഹം മികച്ച ആര്‍ട്ടിസ്റ്റും വോളിബോള്‍, പോള്‍വാള്‍ട്ട് താരവുമായിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പാര്‍ട്ടി ഓഫീസ് ചുമതലകള്‍ക്കുശേഷം ചുവരെഴുതുന്നതും പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. പികെ രാഘവന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും പവനന്‍ ഉണ്ടായിരുന്നു. എഐവൈഎഫ് നേതാവായിരിക്കെ ഏതാനും ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. സിപിഐ ഉല്ലല ബ്രാഞ്ച് സെക്രട്ടറി, തലയാഴം ലോക്കല്‍ അസി. സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം വെച്ചൂര്‍ തോട്ടാപ്പള്ളിയിലാണ് താമസം. ആവുന്നത്ര കാലം സൈക്കിള്‍ സവാരി തുടരാനാണ് ആറുപത് പിന്നിട്ട പവനന്റെ തീരുമാനം.