Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലയില്‍ ഏറ്റവുമധികം പോളിങ് വൈക്കത്ത്; പ്രതീക്ഷയോടെ മുന്നണികള്‍
07/04/2021
കുടവെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തശേഷം പുറത്തുവന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ കൈ ഉയര്‍ത്തി കാണിക്കുന്നു.

വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് വൈക്കം നിയോജകമണ്ഡലത്തില്‍. 75.61 ശതമാനം. തലയാഴം പഞ്ചായത്തിലെ പള്ളിയാട് എസ്എന്‍ യുപി സ്‌കൂളിലെ 131 എ ബൂത്തിലാണ് ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനം. ഇവിടെ ആകെയുള്ള 483 വോട്ടര്‍മാരില്‍ 421 പേരും വോട്ട് ചെയ്തു. ഏറ്റവും കുറവ് തലയോലപ്പറമ്പ് എജെ ജോണ്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94-ാം നമ്പര്‍ ബൂത്തിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങിയ പോളിങ്ങിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ ഭൂരിഭാഗം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തിലേക്ക് എത്തി. ഉച്ചയോടെ തന്നെ പോളിങ് അന്‍പത് ശതമാനം പിന്നിട്ടിരുന്നു.
വൈക്കം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ കുടവെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ട് രേഖപ്പെടുതിയതിനു ശേഷം മണ്ഡലത്തിലെ വിവിധ ബൂത്തുകളിലെത്തി വോട്ടര്‍മാരെയും, എല്‍ഡിഎഫ് പ്രവര്‍ത്തകരെയും  നേരില്‍ കണ്ടു. എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ് പൊതി എല്‍എഫ് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ അഡ്വ. പികെ ഹരികുമാറും മുന്‍ എംഎല്‍എ കെ അജിത്തും വൈക്കം ടൗണ്‍ ഗവ. എല്‍പി സ്‌കൂളിലാണ് വോട്ട് ചെയ്തത് . സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍ തുരുത്തുമ്മ എസ്എന്‍ഡിപി ഹാളിലെ എട്ടാം നമ്പര്‍ ബൂത്തിലും, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ചെമ്മനത്തുകര ഗവ. യുപി സ്‌കൂളിലും, ജില്ലാ എക്സി അംഗങ്ങളായ ടിഎന്‍ രമേശന്‍ വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലും, പി സുഗതന്‍ തലയാഴം പുത്തന്‍പാലം ഗവ. എല്‍പി സ്‌കൂളിലും, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് തോട്ടകം ഗവ. എല്‍പി സ്‌കൂളിലും, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ കെ ഗണേശന്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലും, ഏരിയാ സെക്രട്ടറിമാരായ കെ അരുണന്‍ ഉല്ലല ഗവ. എല്‍പി സ്‌കൂളിലും, കെ ശെല്‍വരാജ് കുലശേഖരമംഗലം മാറ്റപ്പറമ്പ് എന്‍ഐഎം യുപി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദയനാപുരം എന്‍എസ്എസ് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ബൂത്തില്‍ വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മേഴ്സനാട്ട് സ്‌കൂളിലും, എന്‍ഡിഎ സ്ഥാനാര്‍ഥി അജിതാ സാബു ഏറ്റുമാനൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്.
ഇനിയുള്ള ദിനങ്ങളില്‍ കൂട്ടലും കുറയ്ക്കലും നടത്തി ഫലം അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. പോളിങ് ശതമാനം കൂടിയതിനാല്‍ മൂന്നു മുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തിലെ ഇടതു ശക്തികേന്ദ്രങ്ങളില്‍ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പായി കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ ഏറ്റവും മികച്ച പോളിങ് വൈക്കത്ത് രേഖപ്പെടുത്തിയത് യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. രണ്ടുമുന്നണികളുടെയും വോട്ടുകളില്‍ വിള്ളലുണ്ടാക്കി വൈക്കത്ത് എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങളുടെ അവകാശവാദം.