Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന്റെ പരിശ്രമത്തിന്റെ ഫലം: ആനി രാജ
26/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാനാടത്ത് സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി സംഗമം ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീകള്‍ക്ക് വളരെ പ്രയോജനപ്രദമായ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തീവ്രപരിശ്രമത്തിന്റെയും പോരാട്ടങ്ങളുടെയും കൂടി ഫലമാണെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാനാടത്ത് സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ അതിര്‍ത്തികളും കടന്ന് രാജ്യമെമ്പാടും അലയടിക്കും. ഈ പോരാട്ടത്തില്‍ സ്ത്രീകള്‍ വഹിക്കേണ്ട പങ്ക് വളരെ വലുതാണ്. കോവിഡ് മഹാമാരി ലോകമാകെ പടര്‍ന്നു കയറിയപ്പോള്‍, വികസിതരാജ്യങ്ങളില്‍ പോലും ലക്ഷങ്ങള്‍ മരിച്ചുവീണപ്പോഴും ഈ കൊച്ചുകേരളം പിടിച്ചുനിന്നു. നാനാവിഭാഗം ജനങ്ങളെയും കരുതലോടെ കാത്തുരക്ഷിച്ച കേരളത്തിന്റെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ അതിജീവനത്തിന് നേതൃത്വം കൊടുത്തത്. പട്ടിണിയുടെ ഭയപ്പാടില്ലാത്ത കാലമായിരുന്നു കോവിഡ് കാലം. ഭക്ഷണകിറ്റുകള്‍ മാത്രമല്ല, ചികിത്സയും ആശുപത്രി സൗകര്യങ്ങളും ഒരുക്കി ജനജീവിതത്തിന്റെ സജീവ അനുഭവസാന്നിധ്യമായി കേരള സര്‍ക്കാര്‍ നിലകൊണ്ടു. ഇവിടെ ജനങ്ങള്‍ക്കുനല്‍കിയ ഭക്ഷ്യകിറ്റുകളുമായി കേന്ദ്ര സര്‍ക്കാരിന് പുലബന്ധം പോലുമില്ല. കേരളത്തിലെ ജനകീയ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് 1600 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ മോഡി സര്‍ക്കാരിന്റെ പെന്‍ഷന്‍ 200 രൂപയാണെന്ന് നാം തിരിച്ചറിയണം. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ആദ്യം കയ്യടിച്ച് അംഗീകരിച്ചവരാണ് അമിത്ഷായും രാഹുല്‍ഗാന്ധിയും. പിന്നീടാണ് അവര്‍ നിലപാട് മാറ്റിയത്. വോട്ടിനുവേണ്ടി അവരത് ആയുധമാക്കുകയായിരുന്നു. വിശ്വാസത്തെ വോട്ടിനായി ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ഇടതുക്ഷം ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു. ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുന്നത്ത് ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സ്ഥാനാര്‍ഥി സികെ ആശ, പിഎസ് പുഷ്പമണി, കെആര്‍ ചിത്രലേഖ, മായാ ഷാജി, ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.