Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് വികസനരംഗത്ത് പുതുചരിത്രം രചിച്ചു: മുഖ്യമന്ത്രി
22/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വികസനത്തിന്റെ പുതുചരിത്രം രചിച്ച സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ റോഡുകളും വിദ്യാലയങ്ങളും ആരോഗ്യരംഗവുമെല്ലാം പ്രതിസന്ധി നേരിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോഡുകളെല്ലാം പൂര്‍ണമായി സഞ്ചാരയോഗ്യമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 6.80 ലക്ഷം കുട്ടികളുടെ വര്‍ധനവാണ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കോവിഡിനെതിരെ ശരിയായ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആര്‍ദ്രം പദ്ധതിയില്‍പെടുത്തി സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വന്‍കുതിച്ചു ചാട്ടമാണുണ്ടായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഇതൊക്ക ഉണ്ടായത് ഇടതുപക്ഷം കേരളം ഭരിച്ചതു കൊണ്ടാണ്. സംസ്ഥാന ഖജനാവിന്റെ പരിമിതി മറികടക്കാനാണ് കിഫ്ബിയെ പുനഃസംഘടിപ്പിച്ചത്. ഇതുവഴി 63000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. വൈദ്യുതി മേഖലയിലെ ട്രാന്‍സ് ഗ്രിഡ് പദ്ധതി, മലയോര ഹൈവേ, തീരദേശ ഹൈവേ കോളേജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും ശാക്തീകരണം, കെ ഫോണ്‍, ജലപാത ഇവക്കൊക്കെ കിഫ്ബി വഴിയാണ് പണം കണ്ടെത്തിയത്. ഇങ്ങനെ നമ്മുടെ നാട് മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതികളെല്ലാം വ്യാജ പ്രചാരണം നടത്തി തകര്‍ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇരുവര്‍ക്കും ഒരേ നയമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമവിരുദ്ധമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടും. രണ്ടര ലക്ഷം വീടുകളാണ് ലൈഫ് പദ്ധതിവഴി നല്‍കിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അഞ്ചു ലക്ഷം വീടുകള്‍ കൂടി പാവപ്പെട്ടവിക്ക് നല്‍കുമെന്നാണ് പ്രകടനപത്രിക വഴി നമ്മള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എല്‍ഡിഎഫിനെ കൊണ്ട് മാത്രം കഴിയുന്ന കാര്യമാണ്. 2016ല്‍ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. ഒന്നര വര്‍ഷത്തെ കുടിശ്ശികയാക്കിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ അതു കൊടുത്തു തീര്‍ത്തു. ഇപ്പോള്‍ പെന്‍ഷന്‍ 1600 രൂപയാക്കി. പ്രകടനപത്രികയില്‍ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ പ്ലാന്‍ തയ്യാറാക്കി പരമ ദരിദ്രരായവരെ അതില്‍ നിന്നു മോചിപ്പിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. പരമ ദരിദ്രരില്ലാത്ത പുതിയ കേരളമാണ് ഇനി എല്‍ഡിഎഫിന്റെ ലക്ഷ്യം. ദുരന്തങ്ങളെയെല്ലാം അതിജീവിച്ചത് ഒത്തൊരുമയോടെയാണ്. നവകേരളം സൃഷ്ടിക്കാന്‍ നാട് എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ്, സ്ഥാനാര്‍ഥി സികെ ആശ, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ഗണേശന്‍, ആര്‍ സുശീലന്‍, ടിഎന്‍ രമേശന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, എംഡി ബാബുരാജ്, കെ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.