Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ഇക്കുറിയും വിജയമുറപ്പിക്കാമെന്നുള്ള പ്രതീക്ഷയോടെ എല്‍ഡിഎഫ്
28/03/2016

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായി എക്കാലവും നിലനിന്നുപോന്ന വൈക്കത്ത് ഇക്കുറിയും വിജയമുറപ്പിക്കാമെന്നുള്ള പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് മത്സരരംഗത്തെത്തുന്നത്. മൂന്നുതവണ തങ്ങളെ തുണച്ച ചരിത്രം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫും. 15 തിരഞ്ഞെടുപ്പുകളില്‍ 12 തവണയും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് വൈക്കം. 1957 ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന കെ ആര്‍ നാരായണന്‍ വിജയിച്ചു. പിന്നീട് നടന്ന 1960 ലെ തിരഞ്ഞെടുപ്പില്‍ പി എസ് ശ്രീനിവാസനിലൂടെ സിപിഐ മണ്ഡലം പിടിച്ചു. എന്നാല്‍ പിന്നീട് 1965 ല്‍ കോണ്‍ഗ്രസ്സിലെ പി പരമേശ്വരന്‍ വിജയം നേടി. പിന്നീട് 1967,70,77,80,82,97,96,98,2001,2006,2011 വര്‍ഷങ്ങളിലെല്ലാം ഇടതുപക്ഷം ജയം ആവര്‍ത്തിച്ചു. പി എസ് ശ്രീനിവാസന്‍ രണ്ടുതവണയും എം കെ കേശവന്‍ മൂന്നു തവണയും പി കെ രാഘവന്‍ ഒരുതവണയും പി നാരായണന്‍ രണ്ടു തവണയും കെ അജിത് രണ്ടുതവണയും വിജയിച്ചു. 1991 ല്‍ കോണ്‍ഗ്രസ്സിലെ കെ കെ ബാലകൃഷ്ണന്‍ സിപിഐയിലെ കെ പി ശ്രീധരനെ പരാജയപ്പെടുത്തി.
വൈക്കം കുടിവെള്ള പദ്ധതി , മിനി സിവില്‍സ്റ്റേഷന്‍ , കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് , വല്ലകം സബ്‌സ്റ്റേഷന്‍, കെടിഡിസി കായലോര വിശ്രമ കേന്ദ്രം, കരിയാര്‍ സ്പില്‍വേ,വൈക്കം ഫയര്‍സ്‌റേറഷന്‍, ഡിവൈഎസ്പി ഓഫീസ്, വെച്ചൂര്‍ മോഡേണ്‍ റൈസ്മില്‍, കൈപ്പുഴമുട്ട്, മുറിഞ്ഞപുഴ, തട്ടാവേലി, പാലാംകടവ് തുടങ്ങി നിരവധി പാലങ്ങള്‍, പൂത്തോട്ട - തലയോലപ്പറമ്പ് - ഏറ്റുമാനൂര്‍ റോഡ് തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയം കൂടുതല്‍ മികവുററതാക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.വൈക്കം നഗരസഭയിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും ലഭിച്ച വിജയങ്ങള്‍ ഇതിനു പിന്‍ബലമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ നടപ്പിലാക്കാനുണ്ടെന്നും സമീപമണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളുടെ മുന്നേററവും ജയകീയബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചരണം മുന്നേറുന്നത്.ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയുമെന്ന് എല്‍ഡിഎ സഖ്യവും അവകാശപ്പെടുന്നു. ഇടതുപക്ഷത്ത് സിപിഐയുടെ പുതുമുഖമാകും ഇത്തവണ അങ്കത്തട്ടിലെത്തുക. എഐവൈഎഫ് ജില്ലാസെക്രട്ടറിയും സിപിഐ ജില്ലാകൗണ്‍സില്‍ അംഗവുമായ പി പ്രദീപ്, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ആശ, വി കെ അനില്‍കുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി കെപിസിസി നിര്‍വ്വാഹകസമിതി അംഗം അഡ്വ എ സനീഷ്‌കുമാര്‍, വൈശാഖ് ദര്‍ശന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍ പ്രചരണരംഗത്തെത്തിക്കഴിഞ്ഞു.
വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിചിത്രം തെളിയുന്നതോടെ തെരഞ്ഞെടുപ്പു രംഗവും ആവേശഭരിതമാകും.159955 വോട്ടര്‍മാരുള്ള മണ്ഡലം ആരെ ചേര്‍ത്തുനിര്‍ത്തും എന്നുള്ളത് കാത്തിരുന്നു കാണാം.