Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവില്‍ ആറ്റുവേല ഉത്സവത്തിനു കൊടിയേറി
13/03/2021
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലച്ചാടിന്റെ നിര്‍മാണത്തിനു മുന്നോടിയായി നടന്ന പിണ്ടിപ്പഴുത്.

തലയോലപ്പറമ്പ്: വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവത്തിനു ആറ്റുവേല കടവ് ക്ഷേത്രത്തില്‍ വെളിച്ചപ്പാട് അടിയം സോമന്റെ കാര്‍മികത്വത്തില്‍ കൊടിയേറി. വൈകിട്ട് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തില്‍ അവകാശികളായ കരക്കണ്ടത്തില്‍ കെസി ബാബു, കെകെ അനി, വല്യാപറമ്പത്ത് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പിണ്ടിപ്പഴുതോടെ ആറ്റുവേലച്ചാടിന്റെ നിര്‍മാണം ആരംഭിച്ചു. ആറ്റുവേല 16നും 17നുമായി നടക്കും. ഐതിഹ്യ പെരുമയും ആചാര തനിമയും ആണ് മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഇളങ്കാവ് ആറ്റുവേല മറ്റു ജലോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വടക്കുംകൂര്‍ രാജവംശത്തിന്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാന്‍ മീന മാസത്തിലെ അശ്വതി നാളില്‍ സഹോദരി കൊടുങ്ങല്ലൂര്‍ ഭഗവതി ജലമാര്‍ഗം ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി എത്തുന്നതാണ് ആറ്റുവേലയുടെ ഐതിഹ്യം. ദക്ഷിണേന്ത്യയിലെ തന്നെ പകരം വയ്ക്കാന്‍ ഇല്ലാത്ത ഉത്സവമാണ് ആറ്റുവേല. ആറ്റുവേല ചാട് നിര്‍മിക്കുന്നതിന് ദേശക്കാരായ ചിലര്‍ക്ക് മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു. തലമുറകളായി പകര്‍ന്നു വരുന്ന ആചാരങ്ങള്‍ മുറതെറ്റാതെ പാലിച്ചു അവകാശികളായ കുടുംബങ്ങളിലെ ഇളമുറക്കാരാണ് ഇപ്പോഴും ആറ്റുവേലച്ചാടിന്റെ നിര്‍മാണം നടത്തുന്നത്. രണ്ടു വലിയ കേവ് വള്ളങ്ങള്‍ ചേര്‍ത്തു ചങ്ങാടം തീര്‍ത്ത് അതില്‍ തേക്കിന്‍ കഴകള്‍ കൊണ്ട് മൂന്നു നിലകളിലായാണ് ആറ്റുവേല ചാട് നിര്‍മിച്ച് ദീപാലംകൃതമാക്കും. നിര്‍മാണം പൂര്‍ത്തിയായ ചാട് 16നു രാവിലെ 7.30നു രണ്ട് കിലോമീറ്റര്‍ അകലെ മറവന്‍തുരുത്ത് പഞ്ചായത്തില്‍ ഉള്ള ആറ്റുവേല കടവ് ക്ഷേത്രത്തിലേക്ക് ജലമാര്‍ഗം പുറപ്പെടും. അവിടെ നിന്നും മീന മാസത്തിലെ അശ്വതി നാള്‍ 18 നാഴിക പുലരുന്ന രാത്രി 1.30 കഴിഞ്ഞ് സര്‍വാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂര്‍ ഭഗവതിയെ മുകളിലത്തെ നിലയില്‍ എഴുന്നള്ളിച്ച് ആറ്റുവേല കടവ് ക്ഷേത്രത്തിലെ പുറകളത്തില്‍ ഗുരുതി നടത്തി ഇളങ്കാവിലേക്കു പുറപ്പെടും. വിവിധ സംഘടനകളുടെയും വീട്ടുകാരുടെയും വഴിപാടായി ആറ്റുവേല കടവില്‍ എത്തുന്ന തൂക്കച്ചാടുകള്‍ അകമ്പടിയൊരുക്കും വൈദ്യുത ദീപാലംകൃതമായ ആറ്റുവേലയും തൂക്കച്ചാടുകളും മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ വട്ടം കറങ്ങി പുലര്‍ച്ചെ 4.30ഓടെ ക്ഷേത്ര കടവില്‍ എത്തി. ക്ഷേത്ര മതിലിനു പുറത്ത് പ്രത്യേകം തയാറാക്കിയിട്ടുള്ള പള്ളിസ്രാമ്പിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് ഗരുഡന്‍മാര്‍ ചൂണ്ട കുത്തും. 17നു പീലി തൂക്കം കര തൂക്കം എന്നിവ നടക്കും.