Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണത്തുടര്‍ച്ച ഉറപ്പായ വിധത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിച്ചു: കെപി രാജേന്ദ്രന്‍
12/03/2021
വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശയുടെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പായ വിധത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിച്ചുവെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശയുടെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സര്‍ക്കാരിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പ്രളയദുരന്തങ്ങളും രോഗദുരിതങ്ങളെയും ആണ് ഈ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് കോവിഡ് മഹാമാരി കാലത്തും പ്രളയകാലത്തും സര്‍ക്കാര്‍ കരുതലിന്റെ കൈത്താങ്ങ് നല്‍കിയത്. ഒരു വീട്ടില്‍ ഒരാള്‍ പോലും വിശന്നിരിക്കാതെ കരുതലേകിയ സര്‍ക്കാര്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ് കാഴ്ചവെച്ചത്. ഇതിനെയെല്ലാം അധിക്ഷേപിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍കൊണ്ട് നടപ്പിലാക്കാന്‍ കഴിയുന്ന വികസന കാര്യങ്ങളാണ് ഈ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് നടപ്പിലാക്കിയതെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു. 50000 ഹെക്ടറോളം തരിശുനിലങ്ങള്‍ കൃഷി ചെയ്തു അതിലൂടെ നെല്ലുല്‍പാദനവും വര്‍ധിപ്പിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയുടെ ഒരുദാഹരണം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പികെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശ, സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍, സിപിഎം നേതാക്കളായ കെകെ ഗണേശന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, എംപി ജയപ്രകാശ്, സിപിഐ നേതാക്കളായ ആര്‍ സുശീലന്‍, ടിഎന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, എംഡി ബാബുരാജ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പിജി ഗോപി, ടിവി ബേബി, ഹസന്‍കുഞ്ഞ്, കെകെ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍ സ്വാഗതവും ജോണ്‍ വി ജോസഫ് നന്ദിയും പറഞ്ഞു. ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി അഡ്വ. പി.കെ ഹരികുമാര്‍ (പ്രസിഡന്റ്), ജോണ്‍ വി ജോസഫ് (ജനറല്‍ സെക്രട്ടറി), പി സുഗതന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 1001 പേരുള്ള ജനറല്‍ കമ്മിറ്റിയെയും 201 പേരുള്ള എക്സി. കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.