Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാകമരത്തിന്റെ കുളിര്‍മയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
07/03/2021
ചെമ്മനത്തുകര ഗവ. യുപി സ്‌കൂളില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും സൗഹൃദകൂട്ടായ്മയും ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര ഗവ. യുപി സ്‌കൂളിന്റെ കവാടത്തിനുമുന്നില്‍ എത്തുമ്പോള്‍ സ്‌കൂള്‍ വളപ്പിനു തണലേകി നില്‍ക്കുന്ന വാകമരങ്ങള്‍ കാണാം. കുഞ്ഞിളം മനസ്സുകള്‍ക്ക് ഓടികളിക്കാനും പഠനത്തിന്റെ കൂട്ടായ്മ നടത്താനുമുള്ള ഈ മരത്തണല്‍ പ്രകൃതിയുടെ വരദാനമാണ്. സ്‌കൂളിന്റെ ഉയര്‍ച്ചയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങശള്‍ക്കു മുമ്പ് ദീര്‍ഘവീക്ഷണമുള്ള മനുഷ്യസ്നേഹികള്‍ നട്ടു വളര്‍ത്തിയതാണ് ഈ മരങ്ങള്‍.  മരങ്ങള്‍ വളര്‍ന്നു വലുതായി. സ്‌കൂളിന്റെ വിശാലമായ വളപ്പിനു കുടപിടച്ചു നില്‍ക്കുകയാണ് ഈ മരത്തിന്റെ  ശിഖരങ്ങള്‍. സൂര്യതാപത്തെ തടഞ്ഞു നിര്‍ത്തി കുഞ്ഞിളം കാറ്റിന്റെ സുഗന്ധം സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകുമ്പോള്‍ അത് വിദ്യാര്‍ഥികളുടെ മനസ്സിന് കുളിര്‍മയേകുന്നു. ഈ വാകമരത്തണലിലാണ് ഇന്നലെ രാവിലെ പൂര്‍വ വിദ്യാര്‍ഥി സംഗമവും അധ്യാപകരെ ആദരിക്കലും സൗഹൃദകൂട്ടായ്മയും നടത്തിയത്. മരം ഒരു വരം എന്ന പേരിട്ട് രാവിലെ ഇവിടെ ഓര്‍മ ക്ലാസ്സ് നടത്തി. പൂര്‍വ വിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരും ഈ ഓര്‍മ ക്ലാസ്സില്‍ മനസ്സ് തുറന്നു. ആദ്യകാല അധ്യാപകന്‍ എജി ഉല്ലാസന്‍ ആണ് ക്ലാസ്സ് നയിച്ചത്. വിദ്യാലയത്തിന്റെ വളപ്പിന് പ്രകൃതിയുടെ വരദാനം ധാരാളമുണ്ട്. എന്നിട്ടും കുറേയേറെ മരങ്ങള്‍ കൂടി നട്ടു പിടിപ്പിക്കുകയായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലെ പ്രധാന ഇനം. തുടര്‍ന്നു നടന്ന സ്നേഹകൂട്ടായ്മയില്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ പുതുക്കി. സമ്മേളനം ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക സീമ ജയദേവന്‍ അധ്യക്ഷത വഹിച്ചു. എം. എന്‍. പ്രഭാഷ്, വി. എസ്. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്  ബിജു, ദീപ ബിജു, കെടി ജോസഫ്, സിനി ഷാജി, വേണുഗോപാല്‍ ശ്രീനിലയം, ഇകെ കിഷോര്‍, എ രമണന്‍ കടമ്പറ എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാല അധ്യാപകരായ ഇ ഗോപാലന്‍, പിപി സരോജിനി, വിഎന്‍ ഭാര്‍ഗവിയമ്മ, പികെ ചെല്ലമ്മ, ഡി സോമന്‍, വിഎന്‍ ലക്ഷ്മിക്കുട്ടി, പികെ ഇന്ദിരക്കുട്ടി, എജി ഉല്ലാസന്‍, കെ ദിവാകരന്‍, എജി ഉദയദേവി, സിജെ ശോഭന കുമാരി,  കെഎസ് സതീഷ് കുമാര്‍, സിടി മേരി, എന്‍കെ ലാലപ്പന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.