Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷം ഭക്തിനിര്‍ഭരമായി
05/03/2021

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷം ഭക്തിസാന്ദ്രമായി. മേല്‍ശാന്തിമാരായ ടിഡി നാരായണന്‍ നമ്പൂതിരി, ടിഎസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം അഷ്ടമി ദര്‍ശനം നടന്നു. നിരവധി ഭക്തരാണ് വൈക്കത്തപ്പന്റെ മോഹന രൂപം ദര്‍ശിച്ചു സായുജ്യം നേടാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ എത്തിയത്. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരന്‍ തിരുനക്കര ശിവന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വെച്ചൂര്‍ രാജേഷ്, വൈക്കം കാര്‍ത്തിക്, വെച്ചൂര്‍ വൈശാഖ്, വൈക്കം ജയന്‍, കലാപീഠം ബാബു എന്നിവരുടെ നേതൃത്വത്തില്‍ മേളം ഒരുക്കി. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കിയതോടെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി ,കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഏകാദശ രുദ്രഘ്യത കലശാഭിഷേകം നടന്നു. ഉദയനാപുരത്തപ്പന്റെ വൈക്കം ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ഭക്തര്‍ ആര്‍ഭാടമായ വരവേല്‍പാണ് നല്‍കിയത്. ഗജവീരന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ഉദയനാപുരത്തപ്പന്റെ തങ്കത്തിടമ്പേറ്റി. ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ എത്തിയതോടെ വൈക്കത്തപ്പനും പുറത്തേക്ക് എഴുന്നള്ളി. ഇരുവരും ചേര്‍ന്ന് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമര ചുവട്ടില്‍ എത്തിയതോടെ ഭക്തര്‍ നിറ ദീപവും നിറപറയും ഒരുക്കി സ്വീകരിച്ചു. എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരം കടന്ന് വാഴമന, കൂര്‍ക്കശേരി, കള്ളാട്ട്‌ശേരി എന്നിവിടങ്ങളിലേക്ക് എഴുന്നള്ളി. പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും ഒന്നിച്ച് തന്റെ കൃഷിഭൂമി നോക്കി കാണുവാനും ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ എഴുന്നള്ളുന്നത് എന്നാണ് കിഴക്കോട്ട് അഷ്ടമി എന്ന കുംഭമാസത്തില അഷ്ടമിയുടെ പ്രത്യേകത. അച്ചനും മകനും കുടി പാട്ടം പിരിക്കാന്‍ പോകുന്നതായും വിശ്വാസം. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി ഏകദേശം ആറു കിലോ മീറ്റര്‍ അകലെയുള്ള കള്ളാട്ട്‌ശേരി വാഴമന, കൂര്‍ക്കശേരി, കള്ളാട്ട്‌ശേരി എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും നിവേദ്യവും നടത്തി. തിരിച്ചെഴുന്നള്ളിപ്പ് ആറാട്ട്കുളങ്ങരയില്‍ എത്തിയതോടെ ആചാരമനുസരിച്ച് വരവേറ്റ് പൊന്നിന്‍ കുടയും ആലവട്ടം വെഞ്ചാമരം എന്നിവ നല്‍കി ഘട്ടിയം ചൊല്ലി സ്വീകരിച്ചു. എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരത്തിലൂടെ വൈക്കം ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ വ്യാഘ്രപാദത്തറയ്ക്കു മുന്‍വശത്തുള്ള ആന പന്തലില്‍ അഷ്ടമി വിളക്കും വലിയ കാണിക്ക നടന്നു. നാലമ്പലത്തിനു ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടന്നു. ആചാര പ്രകാരം കൊടിമരത്തിനു മുന്നിലും പനച്ചിക്കല്‍ നടയിലും പടിഞ്ഞാറു ഭാഗത്തും വടക്കേ ഗോപുരത്തിനു സമീപവും വച്ച് ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോടു യാത്ര ചോദിച്ചതോടെ കുംഭാഷ്ടമി സമാപനമായി. അഷ്ടമി എഴുന്നള്ളിപ്പ് കടന്നു പോകുന്ന പ്രദേശങ്ങളില്‍ വിളക്ക് വയ്പ്, സ്വീകരണം അന്നദാനം എന്നിവ ഒഴിവാക്കിയിരുന്നു.