Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാശി അഷ്ടമി ആഘോഷത്തിനൊരുങ്ങി വൈക്കം മഹാദേവ ക്ഷേത്രം
04/03/2021

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 4.30നാണ് അഷ്ടമി ദര്‍ശനം. ഒന്‍പതിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് വൈക്കം ക്ഷേത്രത്തിലേക്ക് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് പുറപ്പെടും. ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ എത്തുന്നതോടെ വൈക്കത്തപ്പനും ശ്രീകോവിലില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളും. ഇരുവരും ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ ഗോപുരം കടന്ന് വാഴമന, കൂര്‍ക്കശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിലേക്ക് പുറപ്പെടും. കാലാക്കല്‍ വല്യച്ചന്റെ ഉടവാളുമായി ഒരാള്‍ എഴുന്നള്ളിപ്പിന് അകമ്പടിയായി ഉണ്ടാകും. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തായി ഏകദേശം ആറു കിലോ മീറ്റര്‍ അകലെയുള്ള കള്ളാട്ടുശേരി വരെയാണ് എഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പ് വൈകിട്ട് അഞ്ചിന് വാഴമനയിലും ആറിന് കൂര്‍ക്കശേരിയിലും ഏഴിന് കള്ളാട്ടുശേരിയിലും എത്തും. രാത്രി എട്ടിനാണ് തിരിച്ചെഴുന്നള്ളിപ്പ്. ആറാട്ടുകുളങ്ങരയില്‍ എത്തുന്നതോടെ ആചാരപ്രകാരം വരവേറ്റ് പൊന്നിന്‍ കുടയും ആല വെട്ടവും, വെഞ്ചാമരവും നല്‍കി ഘട്ടിയം ചൊല്ലി സ്വീകരിക്കും. തുടര്‍ന്ന് രാത്രി 10ന് എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തില്‍ പ്രവേശിക്കും. അതുകഴിഞ്ഞ് അഷ്ടമി വിളക്കും വലിയ കാണിക്കയും നടക്കും. നാലമ്പലത്തിനു ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോടു യാത്ര ചോദിച്ച് പിരിയുന്നതോടെ കുംഭാഷ്ടമിക്ക് സമാപനമാകും. അഷ്ടമി എഴുന്നള്ളിപ്പ് കടന്നു പോകുന്ന പ്രദേശം വിളക്ക് വയ്പ്, സ്വീകരണം അന്നദാനം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിറപറ വയ്ക്കുന്നതിന് സൗകര്യമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളാണ് നടത്തുകയെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെആര്‍ ബിജു അറിയിച്ചു.