Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിന് ആറു കോടിയുടെ ഭരണാനുമതി
25/02/2021

വൈക്കം: വൈക്കത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനായി 6.22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സികെ ആശ എംഎല്‍എ അറിയിച്ചു. മടിയത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -രണ്ടു കോടി, വടയാര്‍ ഇളങ്കാവ് ഗവ. യുപി സ്‌കൂള്‍ രണ്ടു കോടി, ഉല്ലല പിഎസ് ശ്രീനിവാസന്‍ സ്മാരക ഗവ. എല്‍പി സ്‌കൂള്‍ -1.22 കോടി, വാഴമന ഗവ. എല്‍പി സ്‌കൂള്‍ - ഒരു കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ഈ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുക അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ വൈക്കം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട തലയോലപ്പറമ്പ് എജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും ടിവി പുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതിനുപുറമെ വെച്ചൂര്‍ ദേവീവിലാസം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും (മൂന്നു കോടി), മറവന്‍തുരുത്ത് ഗവ. യുപി സ്‌കൂളിലും (രണ്ടു കോടി) നേരേകടവ് ഗവ. ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂളിലും (1.19 കോടി) പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മണ്ഡലത്തിലെ മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലും പുതിയ കെട്ടിട സമുച്ചയങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച നാലു സ്‌കൂളുകളിലും പഴയ ശോച്യാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഹൈടെക് സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിര്‍മിക്കുക. സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മാണജോലികള്‍ ആരംഭിക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സികെ ആശ അറിയിച്ചു.