Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദനാപുരം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍.
28/03/2016

ഉദനാപുരം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. വടയാര്‍ പാടശേഖങ്ങളിലെ 27 ബ്ലോക്കുകളിലായി കിടക്കുന്ന കരിനിലങ്ങളില്‍ ഉദയനാപുരം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മാനാപ്പള്ളില്‍, കണ്ണങ്കേലില്‍, വേമ്പനാകരി എന്നിവിടങ്ങളിലെ ഏതാണ്ട് 400 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് അരപതിററാണ്ടായി കൃഷി നടക്കാത്തത്. ഒരുകാലത്ത് ഏററവുമധികം വിളവ് കൃഷിക്കാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പാടശേഖരങ്ങളാണ് ഇതെല്ലാം. നൂററാണ്ടുകളായി പാടശേഖര കമ്മിററികളുടെ മേല്‍നോട്ടത്തില്‍ കൃഷി ചെയ്തിരുന്ന ഈ പാടങ്ങള്‍ കൃഷി ചെയ്യാന്‍ പററാതാക്കിയതിനുപിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ഏഴ് വര്‍ഷം മുന്‍പ് വരെ കൃഷി ചെയ്തിരുന്ന ഈ പാടശേഖരബ്ലോക്കുകളില്‍ മണ്ണെടുപ്പിനുള്ള അനുമതി നല്‍കിയും ഭൂമാഫിയക്കുവേണ്ടി നിലങ്ങള്‍ വാങ്ങിക്കൊടുത്തും ഇടനിലക്കാരായി നിന്നവരാണ് ഇതിനുപിന്നെലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷിക്കാരെ പററിക്കുകയും പാടശേഖരങ്ങളുടെ സംരക്ഷകരെന്ന രൂപത്തില്‍ കൃഷിഭൂമി നികത്തരുതെന്നും ഭൂമാഫിയകളെ തുരത്തണമെന്നും പറഞ്ഞ് പാടശേഖരങ്ങളില്‍ നിരന്തരം സമരം ചെയ്തവര്‍ കൃഷി ഇല്ലാതാക്കാന്‍ ഗുഢനീക്കം നടത്തുകയായിരുന്നു.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഭൂമാഫിയ നേതാവ് സന്തോഷ് മാധവനുവേണ്ടിയും, പാടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിരത്തി അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാം എന്ന് വാഗ്ദാനങ്ങള്‍ നല്‍കിയും ഈ പ്രദേശത്തുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കൃഷിക്കാരെ സമീപിക്കുകയും അവരെ തെററിദ്ധരിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് അഡ്വാന്‍സ് നല്‍കി പാടം എഗ്രിമെന്റ് വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സന്തോഷ് മാധവനും മററും വേണ്ടി വന്‍തുക ഈടാക്കി ഭൂമി രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എഗ്രിമെന്റില്‍ കാണിച്ച തുകയേക്കാള്‍ വലിയ തുകയ്ക്കാണ് കൃഷിഭൂമി വിററത്. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കുകയും അവര്‍ക്കുവേണ്ടി നിരന്തരം സമരത്തിലാണ് എന്നുവരുത്തി സാധാരണജനങ്ങളെ പററിക്കുന്ന സമീപനമാണ് ഈ പ്രദേശങ്ങളില്‍ വിലസുന്ന മണ്ണെടുപ്പ് മാഫിയകള്‍ സ്വീകരിക്കുന്നത്. മാത്രമല്ല കൃഷിഭൂമിയില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് കര്‍ഷകരെ തെററിദ്ധരിപ്പിക്കുകയും ചെയ്യുന്നു. കൃഷിയില്ലാത്ത മൂന്ന് ബ്ലോക്കുകളിലും മോട്ടോര്‍ പുരകളും, മോട്ടോറുകളും, ചുററുബണ്ടും ഉള്ളതിനാല്‍ ത്രിതലപഞ്ചായത്തുക്കളുടെ സഹകരണത്തോടെ കൃഷിയിറക്കാന്‍ സഹായം നല്‍കിയാല്‍ തുടര്‍ന്ന് പഴയപോലെ കൃഷി നടത്താന്‍ തയ്യാറാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരുകാലത്ത് പൊന്നുവിളഞ്ഞിരുന്ന ഇവിടം പഴയനിലയില്‍ ആക്കിക്കിട്ടിയാല്‍ കൃഷി ചെയ്യാന്‍ ഭൂരിഭാഗം കര്‍ഷകരും തയ്യാറാണ്. ഭൂമാഫിയ അഴിഞ്ഞാടിയപ്പോള്‍ ചില രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഒത്താശ ചെയ്തുകൊടുത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാടശേഖരങ്ങളില്‍ ആവശ്യത്തിന് റോഡുകളും ജലലഭ്യതയും ഉള്ളതിനാല്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സഹായിച്ചാല്‍ പൊതുപാടശേഖരസമിതി രൂപീകരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ കൃഷി നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.