Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നാം തയ്യാറാകണം: മന്ത്രി കെകെ ശൈലജ ടീച്ചര്‍
16/02/2021
വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മാണം പൂര്‍ത്തിയായ അമ്മയും കുഞ്ഞും ആശുപത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത മന്ത്രി കെകെ ശൈലജയ്ക്ക് വേണ്ടി സികെ ആശ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

വൈക്കം: ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നാം തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മാണം പൂര്‍ത്തിയായ അമ്മയും കുഞ്ഞും ആശുപത്രി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആരോഗ്യമേഖലയില്‍ വന്‍കുതിച്ചുചാട്ടമാണ് നാം നടത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ചികിത്സാരീതികളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കിയത്. ജനസാന്ദ്രതയുള്ള കേരളത്തില്‍ കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യമേഖലയിലെ എല്ലാ ജീവനക്കാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറു നിലകളിലായി പണിതുയര്‍ത്തിയ കെട്ടിടം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന വിധത്തില്‍ കമനീയമായാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 8.80 കോടി രൂപയും, നബാര്‍ഡില്‍ നിന്നുള്ള 23.53 കോടി രൂപയും ചെലവഴിച്ചാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏഴു പരിശോധനാ മുറികള്‍, കാഷ്യാലിറ്റി, ബ്ലഡ് ബാങ്ക്, 16 വാര്‍ഡുകള്‍, എന്‍ഡോസ്‌കോപ്പി, ലേബര്‍ റൂമുകള്‍, കുട്ടികള്‍ക്കുള്ള ഐസിയു, ഒബ്‌സര്‍വേഷന്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ 200 കിടക്കകള്‍ സജ്ജീകരിക്കാനാകും. മൂന്നു ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, പ്രതിപക്ഷനേതാവ് കെപി സതീശന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാര്‍, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു എന്നിവര്‍ പ്രസംഗിച്ചു.