Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ മുഖശ്രീയായി അമ്മയും കുഞ്ഞും ആശുപത്രി ഫെബ്രുവരി 16ന് നാടിന് സമര്‍പ്പിക്കും
15/02/2021
ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്യുന്ന വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രി.



വൈക്കം:  താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മാണം പൂര്‍ത്തിയായ അമ്മയും കുഞ്ഞും ആശുപത്രി ചൊവ്വാഴ്ച നാടിനു സമര്‍പ്പിക്കും. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറു നിലകളിലായി പണിതുയര്‍ത്തിയ കെട്ടിടം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന വിധത്തില്‍ കമനീയമായാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 8.80 കോടി രൂപയും, നബാര്‍ഡില്‍ നിന്നുള്ള 23.53 കോടി രൂപയും ചെലവഴിച്ചാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏഴു പരിശോധനാ മുറികള്‍, കാഷ്യാലിറ്റി, ബ്ലഡ് ബാങ്ക്, 16 വാര്‍ഡുകള്‍, എന്‍ഡോസ്‌കോപ്പി, ലേബര്‍ റൂമുകള്‍, കുട്ടികള്‍ക്കുള്ള ഐസിയു, ഒബ്സര്‍വേഷന്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ 200 കിടക്കകള്‍ സജ്ജീകരിക്കാനാകും. മൂന്നു ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്. വൈക്കം താലുക്ക് ആശുപത്രിയിലെ ഒപിയില്‍ ദിനംപ്രതി 1500ഓളം രോഗികള്‍ വരെ ചികിത്സ തേടിയെത്താറുണ്ട്. ഇതില്‍  ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നതും വൈക്കം താലൂക്ക് ആശുപത്രിയിലാണ്. അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനക്ഷമമാകുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എല്ലാത്തരം ചികിത്സകള്‍ക്കും സൗകര്യമുണ്ടാകും. ഇതോടെ താലൂക്ക് ആശുപത്രിയിലെത്തുന്ന മറ്റു രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാകും. സികെ ആശ എംഎല്‍എ ശ്രമഫലമായി ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തികകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. സികെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ മുഖ്യാതിഥി ആയിരിക്കും. തോമസ് ചാഴികാടന്‍ എംപി, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, പ്രതിപക്ഷനേതാവ് കെപി സതീശന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാര്‍, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു എന്നിവര്‍ പ്രസംഗിക്കും.