Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തരിശുനിലത്തില്‍ കൃഷിയിറക്കി: വിളവെടുപ്പ് ഉത്സവത്തിന് നാടാകെ പാടത്തെത്തി
11/02/2021
ഉദയനാപുരം പഞ്ചായത്തിലെ വാഴമന സൗത്ത് പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

 

വൈക്കം: പതിറ്റാണ്ടുകളായി തരിശുകിടന്ന പാടശേഖരം സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കി കതിരണിഞ്ഞപ്പോള്‍ കൊയ്യാന്‍ പാട്ടുംപാടി നാടാകെ പാടത്തെത്തി. ഉദയനാപുരം പഞ്ചായത്തിലെ വാഴമന സൗത്ത് പാടശേഖരത്തിലാണ് കര്‍ഷകരും തൊഴിലാളികളും പ്രദേശവാസികളും ജനപ്രതിനിധികളും ഉത്സവതിമിര്‍പ്പോടെ കൊയ്ത്ത് നടത്തിയത്. 100 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിലെ പത്തേക്കറോളം നിലം മണല്‍ഖനനത്തെ തുടര്‍ന്നു ഗര്‍ത്തമായതോടെ പുറംബണ്ടുകള്‍ തകര്‍ന്ന പാടശേഖരത്തിലെ കൃഷി കര്‍ഷകര്‍ ഉപേക്ഷിക്കുകയായിരുന്നു. പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് പതിറ്റാണ്ടുകളോളം തരിശുകിടന്ന പാടശേഖരത്തെ വീണ്ടും പച്ചപ്പിലേക്കു കൊണ്ടുവരണമെന്ന കര്‍ഷകരുടെയും പ്രദേശവാസികളുടെയും ആഗ്രഹം കൃഷി വകുപ്പില്‍നിന്നും വിരമിച്ച ഇകെ സോമന്‍ പാടശേഖര സെക്രട്ടറിയായതോടെയാണ് സഫലമായത്. പാടശേഖരത്തിന്റെ മൂന്നു കിലോമീറ്ററോളം വരുന്ന പുറംബണ്ടിലെ തകര്‍ന്ന ഭാഗങ്ങള്‍ കട്ടയിട്ടുയര്‍ത്തി ബലപ്പെടുത്തിയാണ് കൃഷിയിറക്കിയത്. 100 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ 56 ഏക്കറിലാണിപ്പോള്‍ കൃഷിയിറക്കിയത്. 64 കര്‍ഷകരില്‍ 34 പേര്‍ കൃഷിയുടെ ഭാഗമായി. തരിശുനില കൃഷിക്ക് കൃഷി വകുപ്പും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധികൃതരും തൊഴിലുറപ്പു തൊഴിലാളികളും പിന്‍ബലമേകി. വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രഞ്ജിത്ത് നിര്‍വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന പ്രഭാകരന്‍, വൈക്കം കൃഷി അസി. ഡയറക്ടര്‍ പിപി ശോഭ, കര്‍ഷകസംഘം വൈക്കം ഏരിയ സെക്രട്ടറി ടിടി സെബാസ്റ്റ്യന്‍ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ദീപമോള്‍, ശ്യാമള, രേവതിമനീഷ്, കൃഷി ഓഫിസര്‍ നീതു രാജശേഖരന്‍, പാടശേഖര സമിതി സെക്രട്ടറി ഇ.കെ.സോമന്‍, ട്രഷറര്‍ സി സന്തോഷ്, ജി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.