Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലയെ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ഹബ്ബ് ആക്കാന്‍ പദ്ധതി ഒരുങ്ങുന്നു
09/02/2021
പുതുതായി തെരഞ്ഞടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ജീവനക്കാര്‍ക്കും സിഡിഎസ് പ്രവര്‍ത്തകര്‍ക്കും വേണ്ടി തലയാഴത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ ക്ലാസ് എടുക്കുന്നു.

വൈക്കം: കോവിഡാനന്തര ടൂറിസത്തില്‍ കോട്ടയം ജില്ലയെ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്റെ ഹബ്ബാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍. പുതുതായി തെരഞ്ഞടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ജീവനക്കാര്‍ക്കും സിഡിഎസ് പ്രവര്‍ത്തകര്‍ക്കും വേണ്ടി തലയാഴത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന ക്ലാസില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള ടൂറിസം സമ്പൂര്‍ണമാറ്റത്തിന് വിധേയമായിരിക്കും. ഗ്രാമീണ ടൂറിസത്തിനാകും അവിടെ പ്രാധാന്യം. ഗ്രാമീണ ജീവിത രീതികളും കലാ പ്രവര്‍ത്തനങ്ങളും രുചി വൈവിധ്യവും കൃഷിയുമെല്ലാം പ്രധാന ടൂറിസം ആകര്‍ഷണങ്ങളായി മാറും. അതുകൊണ്ട് തന്നെ വൈക്കം, കുമരകം, അയ്മനം, തിരുവാര്‍പ്പ്, മൂന്നിലവ്, മേലുകാവ് മറ്റം, മണിമല തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക എക്‌സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍ (അനുഭവവേദ്യ ടൂര്‍ പാക്കേജുകള്‍) ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിക്കഴിഞ്ഞു. അതുവഴി കോട്ടയം ജില്ല അനുഭവവേദ്യ ടൂറിസത്തിന്റെ പ്രത്യേക ഹബ്ബായി മാറും. അതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളതെന്നും കെ രൂപേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.  തലയാഴം രുക്മിണി കല്യാണ മണ്ഡപത്തില്‍ നടന്ന പരിശീലന ക്ലാസില്‍ കെ. രൂപേഷ് കുമാര്‍, ജോര്‍ജ് സ്‌കറിയ, വിവേക് കുര്യന്‍, വിഎസ് ഭഗത് സിംഗ് എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസുകള്‍ എടുത്തു.