Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ പകച്ച് തലയാഴം പഞ്ചായത്ത്.
28/03/2016

ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ പകച്ച് തലയാഴം പഞ്ചായത്ത്. പിഞ്ചുകുട്ടികളുമായി ബൈക്കില്‍പോയ ഗൃഹനാഥനെ ക്വട്ടേഷന്‍ സംഘം കഴിഞ്ഞദിവസം രാത്രി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ തടഞ്ഞുനിര്‍ത്തി അതിക്രൂരമായി മര്‍ദ്ദിച്ചു. പിതാവിനെ മര്‍ദ്ദിക്കുന്നതുകണ്ട് കുട്ടികള്‍ അലമുറയിട്ടെങ്കിലും ഇതിനിടയിലും മര്‍ദ്ദനം തുടര്‍ന്നു. തലയ്ക്ക് സാരമായി പരുക്കേററ ഗൃഹനാഥന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൃഹനാഥനെ മര്‍ദ്ദിച്ചതിനുശേഷം കടന്ന സംഘം ഉല്ലല മാര്‍ക്കററിനുസമീപം തട്ടുകടയിലേക്ക് അതിക്രമിച്ചുകയറി. ആഹാരം കഴിച്ചുകൊണ്ടിരുന്നവരെയെല്ലാം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും കട ഉടമസ്ഥന്‍ അഭിലാഷിനെ കടയില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭക്ഷണസാധനം ഉള്‍പ്പെടെയുള്ളവ ഇവര്‍ നശിപ്പിച്ചു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ലഹരിയിലാണ് ക്വട്ടേഷന്‍ സംഘം സമാധാനജീവിതത്തിന് ഭീഷണിയാകുന്നത്. ഈ സംഘം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ആറിലധികം ആക്രമണങ്ങളാണ് തോട്ടകം സ്‌ക്കൂള്‍ മുതല്‍ ഉല്ലല വരെയുള്ള റോഡില്‍ നടത്തിയിരിക്കുന്നത്. തോട്ടകം, ചെമ്മനത്തുകര, ഉല്ലല, കൊതവറ പ്രദേശങ്ങളിലുള്ളവരാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സംഭവത്തിനു കാരണക്കാരായ രണ്ട് പേരെ അതിവിദഗ്ധമായി പോലീസ് കുടുക്കിയിരുന്നു. ഏനേഴം വെണ്‍മണി വിഷ്ണു (26), ഇടഉല്ലല കുഴിത്തറ വീട്ടില്‍ ശരത് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാരണ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ക്വട്ടേഷന്‍ സംഘത്തിലെ പ്രമുഖരെ പിടികൂടാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജമാക്കിയതായി എസ്.ഐ എം.സാഹില്‍ പറഞ്ഞു.