Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൈപൂയ്യ മഹോത്സവത്തിന് നിറങ്ങളുടെ ശോഭയേകി കാവടികള്‍ നിറഞ്ഞാടി
28/01/2021
തൈപൂയ്യ ഉത്സവത്തോടനുബന്ധിച്ച് വൈക്കം സമൂഹത്തിന്റെ പഞ്ചാമൃത കാവടി വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവത്തിന് നിറശോഭയേകി വര്‍ണക്കാവടികള്‍ നിറഞ്ഞാടി. പമ്പ മേളത്തിന്റെ താളത്തിനൊത്ത് ചുവടുവച്ചാടിയ കാവടിഘോഷയാത്രകള്‍ നിരത്തുകളില്‍ വര്‍ണങ്ങളുടെ പീലി വിടര്‍ത്തി. ഇന്നലെ രാവിലെ അഞ്ചു മുതല്‍ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടികള്‍ അഭിഷേകത്തിനായി എത്തി തുടങ്ങി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മേല്‍ ശാന്തി തരുണി ഡി. നാരായണന്‍ നമ്പൂതിരി കാവടി പൂജ നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് കാവടിഘോഷയാത്ര പുറപ്പെട്ടു. വൈക്കം സുമോദ്, വൈക്കം ഷിബു, വെച്ചൂര്‍ വൈശാഖ്, വൈക്കം കാര്‍ത്തിക് എന്നിവരാണ് കാവടിഘോഷയാത്രയ്ക്ക് മേളമൊരുക്കിയത്. ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വൈക്കത്തപ്പന്റെ കാവടി എഴുന്നള്ളിച്ചത്. ഉദയനാപുരം ക്ഷേത്രത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ആഴാട് നാരായണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, പാര്‍വളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് വൈക്കത്തപ്പന്റെ കാവടി അഭിഷേകം ചെയ്തത്. വൈക്കം സമൂഹത്തിന്റെ പഞ്ചാമൃത കാവടികള്‍ സമൂഹം ഹാളില്‍ പൂജാരി ബാലസുബ്രഹ്മണ്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൂജകള്‍ നടത്തി കുംഭങ്ങളില്‍ പഞ്ചാമൃത് നിറച്ചു. ദീപാരാധനയ്ക്ക് ശേഷം കാവടികള്‍ വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് പ്രദക്ഷിണം വച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഉദയനാപുരം ക്ഷേത്രത്തില്‍ ആഴാട് നാരായണ്‍ നമ്പൂതിരി കാവടികള്‍ അഭിഷേകം ചെയ്തു. സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെസി കൃഷ്ണമൂര്‍ത്തി, കണിച്ചേരി ബാലസ്വാമി, ജികെ അയ്യര്‍, പിവി രാമനാഥന്‍, സ്വര്‍ണം രാമനാഥന്‍, രാജു എന്നിവര്‍ നേതൃത്വം നല്‍കി. കന്നട തെലുങ്ക് സമൂഹത്തിന്റെ പഞ്ചാമൃത കാവടി സമൂഹം ഹാളില്‍ പൂജകള്‍ നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ അഭിഷേകം നടത്തി. പ്രസിഡന്റ് എം നീലകണ്ഠന്‍, സെക്രട്ടറി എന്‍ മഹാദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈക്കം ശ്രീഷണ്‍മുഖ വിലാസം കാവടി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഭസ്മ കാവടികള്‍ പടിഞ്ഞാറേനട ഭാരത് ഇന്‍സ്റ്റിട്യൂട്ടില്‍ വച്ച് കാവടി പൂജ നടത്തി കുംഭങ്ങളില്‍ ഭസ്മം നിറച്ചു. പൂജാരി ജി. മധുകൃഷ്ണന്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് താളമേളങ്ങളുടെ അകമ്പടിയോടെ കാവടിക്കൂട്ടങ്ങള്‍ വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സോമശേഖരന്‍ നായര്‍, അജിത്ത് ബാബു, ഗിരീഷ്, ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.