Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തില്‍ 1300 കിന്റല്‍ നെല്ല് രണ്ടാഴ്ചയായി വിറ്റഴിക്കാതെ കെട്ടികിടക്കുന്നു
23/01/2021
തലയാഴം പഞ്ചായത്തില്‍ മണ്ണാറംകണ്ടം പാടശേഖരത്ത് 66 ഏക്കര്‍ വിരിപ്പ് കൃഷിയുടെ വിളവെടുത്ത നെല്ല് വിറ്റഴിക്കാതെ പാടശേഖര വരമ്പില്‍  കെട്ടികിടക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോനും മെമ്പര്‍മാരും പരിശോധിക്കുന്നു.



വൈക്കം: തലയാഴം പഞ്ചായത്ത് ഏഴാം വാര്‍ഡില മണ്ണാറംകണ്ടം പാടശേഖരത്തിലെ വിരിപ്പ്കൃഷിയുടെ വിളവെടുത്ത 1300 കിന്റല്‍ നെല്ല് വിറ്റഴിക്കാതെ കെട്ടി കിടക്കുന്നു. വിളവെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ട, പാടവരമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് വെയിലും മഴയുമേറ്റ് നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നെല്ല് സംഭരിക്കാന്‍ ഏജന്‍സികള്‍ എത്തി യോഗ്യതാ മാനദണ്ഡം നടത്തി. പത്ത് ശതമാനം കിഴിവാണ് ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. അതേസമയം ആറ് ശതമാനം വരെ കിഴിവ് നല്‍കാന്‍ പാഠശേഖര സമിതി തയ്യാറാണ്. ഇത് സംബന്ധിച്ച തര്‍ക്കമാണ് സംഭരണം നീളാന്‍ കാരണം. 66 ഏക്കര്‍ സ്ഥലത്ത് 55 കര്‍ഷകര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്.  ഏക്കറിന് 35,000 രൂപ ചിലവ് വന്നതായി കര്‍ഷകര്‍ പറഞ്ഞു. 40 ലക്ഷം രൂപ വില വരുന്ന നെല്ലാണ് നിസ്സാര കാരണത്തിന്റെ പേരില്‍ വിറ്റഴിക്കാതെ  കെട്ടി കിടക്കുന്നത്. വായ്പയെടുത്തും പണയം വച്ചും കൃഷിയിറക്കിയ കര്‍ഷകര്‍തുക തിരിച്ചടക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്.  നെല്ല് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് പല കാര്യങ്ങളും ആസൂത്രണം ചെയ്തെങ്കിലും എല്ലാം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കെട്ടി കിടക്കുന്ന നെല്ല് എത്രയും പെട്ടെന്ന് സംഭരിച്ച് കര്‍ഷകരെ സഹായിക്കണമെന്നും ഇതിനായി സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. വിനുമോന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് പരിഹാര മാര്‍ഗം തേടി പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ്  പി ദാസ്, മെമ്പര്‍മാരായ ഷീജ ഹരിദാസ്, ഭൈമി വിജയന്‍, ടി മധു, പാഠശേഖര സമിതി അംഗം ടോമി പത്തുപറ, മുന്‍ പഞ്ചായത്തംഗം ഇവി അജയകുമാര്‍ എന്നിവരുടെ സംഘം പാഠശേഖരം സന്ദര്‍ശിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തി. പ്രശ്നം എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ജനപ്രതിനിധികള്‍ കര്‍ഷകരെ അറിയിച്ചു. .