Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്ട്രാര്‍ ഓഫീസ് വളപ്പിലെ വലിയ തണല്‍ മരം ചെരിഞ്ഞത് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു
20/01/2021
വൈക്കം രജിസ്ട്രാര്‍ ഓഫീസ് വളപ്പിലെ വലിയ തണല്‍ മരത്തിന്റെ ശിഖരങ്ങള്‍ അപകടകരമായ നിലയില്‍ പടര്‍ന്നു നില്‍ക്കുന്നു.

വൈക്കം: വടക്കേനടയിലെ രജിസ്ട്രര്‍ ഓഫീസ് വളപ്പില്‍ ശിഖരങ്ങളുമായി നില്‍ക്കുന്ന വലിയ തണല്‍ മരം റോഡിലേക്ക് ചെരിഞ്ഞ് തുടങ്ങിയത് അപകടകരമാണെന്ന് സമീപവാസികള്‍ പരാതിപ്പെട്ടു. സമീപത്തെ പത്തു വീട്ടുകാര്‍ ചേര്‍ന്ന് രജിസ്ട്രാര്‍ ഓഫീസിലേക്ക് മരത്തിന്റെ അപകട സാധ്യതയെക്കുറിച്ച് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്ന് സമീപ വാസികള്‍ പറഞ്ഞു. നഗരസഭ 20-ാം വാര്‍ഡില്‍പെട്ട വടക്കേനട കാലാക്കല്‍ റോഡ് ഭാഗത്താണ് മരം അപകടനിലയില്‍ നില്‍ക്കുന്നത്. സമീപവാസികള്‍ കുടിവെളളം ശേഖരിക്കുന്ന പൊതുടാപ്പ് സ്ഥിതിചെയ്യുന്നത് മരത്തിന്റെ സമീപത്താണ്. കാറ്റ് ഉണ്ടാകുമ്പോള്‍ മരച്ചില്ലകള്‍ ആടിയുലയുന്നത് തങ്ങള്‍ക്ക് ഭയമാണെന്ന് സമീപവാസികള്‍ പറഞ്ഞു. ടൗണ്‍ ഗവ. എല്‍പിസ്‌കൂളിലേക്കും, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും നിരവധി വിദ്യാര്‍ഥികള്‍ പോയിവരുന്നുണ്ട്. ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും ഇതുവഴിയാണ്. ശക്തമായ മഴയത്തും കാറ്റിലും ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുമോയെന്ന് ഭയമാണെന്നും നാട്ടുകാര്‍ പറഞ്ഞു. വലിയ ഭാരമുള്ള ശിഖരങ്ങള്‍ ഒടിഞ്ഞു വീണാല്‍ അപകടത്തിന്റെ വ്യാപ്തി പറഞ്ഞു അറിയിക്കാന്‍ പോലും കഴിയില്ല. സമീപവാസികളായ ഉഷ ജനാര്‍ദനന്‍, ബീന, സുരേഷ്, മഹേഷ്, വരുണ്‍, വിഷ്ണു, പൊന്നപ്പന്‍, ശശികല, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ക്കും, നഗരസഭ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്.