Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന ബജറ്റ്: വ്യാവസായിക ഭൂപടത്തിലേക്ക് ചുവടുവച്ച് വൈക്കം
15/01/2021

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റിലും നേട്ടം കൊയ്ത് വൈക്കം. നിരവധി ജനക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട ബജറ്റില്‍ വൈക്കം നിയോജകമണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിലേക്കുള്ള വൈക്കത്തിന്റെ ചുവടുവെപ്പ് കൂടിയായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐകസ് അവതരിപ്പിച്ച ബജറ്റ്. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയോടെ വെള്ളൂര്‍ ആസ്ഥാനമായി കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വ്യാവസായിക രംഗത്ത് വലിയ പ്രതീക്ഷയാണ് വൈക്കത്തിന് നല്‍കുന്നത്. 1050 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന റബ്ബര്‍ കമ്പനി വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്തായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. കമ്പനിയുടെ രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി 4.5 കോടി നീക്കിവെച്ചിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചിട്ടുള്ള വൈക്കത്തെ നഗരസഭ കായലോര ബീച്ചില്‍ സ്‌പോര്‍ട്ട്‌സ്, കള്‍ച്ചറല്‍ ടൂറിസം സെന്റര്‍ 1.80 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ ഇന്‍ഡ്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന വൈക്കത്തിന്റെ വിനോദസഞ്ചാരമേഖലയിലയുടെ വികസനം ലക്ഷ്യമിട്ടാണ് പുതിയ ടൂറിസം പ്രൊജക്ട് നടപ്പിലാക്കുന്നത്. പരിമിതികളാല്‍ ബുദ്ധിമുട്ടുന്ന വെച്ചൂര്‍ പോലീസ് ഔട്ട്‌പോസ്റ്റിന് പുതിയ കെട്ടിടമെന്ന കാലങ്ങളായുള്ള ആവശ്യമാണ് സികെ ആശ എംഎല്‍എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 60 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി റോഡ് നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം നിയോജകമണ്ഡലലത്തിലെ നിരവധി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ബജറ്റില്‍ ഇടംകണ്ടെത്തി. വെച്ചൂര്‍ ബണ്ട് റോഡ് ജങ്ഷന്‍-അംബികാമാര്‍ക്കറ്റ് റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മാണം, ഇണ്ടംതുരുത്തിപ്പടി കോവിലകത്തുംകടവ് റോഡ് (ബിഎം ബിസി), വാഴമന-നാണുപറമ്പ് റോഡ്, വൈപ്പിന്‍പടി-വലിയാനപ്പുഴ റോഡും പാലങ്ങളും, വൈക്കം വാട്ടര്‍ അതോറിട്ടിയില്‍ പുതിയ ഓഫീസ് കോംപ്ലക്‌സും വാട്ടര്‍ ടാങ്കും, തലയോലപ്പറമ്പ് ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം, വൈക്കത്ത് പുതിയ പോലീസ് ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സ് എന്നിവയും ബജറ്റില്‍ ഇടംനേടിയ പദ്ധതികളാണ്.