Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭജന ചൊല്ലിയും പാട്ടുപാടിയും ഉത്തരവാദിത്ത ടൂറിസത്തെ അടുത്തറിഞ്ഞ് മധ്യപ്രദേശ് ടൂറിസം മന്ത്രി
15/01/2021
ഉത്തരവാദിത്ത ടൂറിസം മിഷന്‍ കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായി മധ്യപ്രദേശിന്റെ ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂര്‍ വൈക്കത്തു മണ്‍പാത്ര നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: ഭജന ചൊല്ലിയും പാട്ടുപാടിയും വൈക്കത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായി മധ്യപ്രദേശിന്റെ ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂര്‍. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കുന്നതിനു മന്ത്രി ഉഷാ താക്കൂറിന്റെ നേതൃത്വത്തില്‍ എത്തിയ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിന്റെ അഡീഷണല്‍ മാനേജിങ് ഡയറക്ടര്‍ സോണിയ മീണ ഐഎഎസ്, ഡയറക്ടര്‍ മനോജ് കുമാര്‍ സിങ് എന്നിവരടങ്ങിയ 12 അംഗ മധ്യപ്രദേശ് സംഘം വൈക്കത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുളള വിവിധ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായ കളമെഴുത്തും പാട്ടും യൂണിറ്റില്‍ വന്നപ്പോള്‍ ഭദ്രകാളി കളത്തിനു മുന്നില്‍ ഭജനയുമായി അരമണിക്കൂര്‍നേരം മന്ത്രി ചെലവഴിച്ചു. അതിനുശേഷം മണ്‍പാത്രനിര്‍മാണം, തഴപ്പായ നെയ്ത്ത് യൂണിറ്റുകള്‍ സന്ദര്‍ശിച്ച സംഘം പരമ്പരാഗത രീതിയിലുള്ള കേരളീയ ഭക്ഷണം ഉണ്ടാക്കുന്നത് നേരില്‍ കണ്ടു കേരളീയ സദ്യയും ആസ്വദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധ യൂണിറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി യൂണിറ്റ് അംഗങ്ങളുമായി സംസാരിച്ച് പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്നു കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റ്, കേരളീയ വനിതകളുടെ തനതു കലാരൂപമായ തിരുവാതിരകളിയും കണ്ടു മനം നിറഞ്ഞ്, മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി മധ്യപ്രദേശിനനുയോജ്യമായ മാതൃകയില്‍ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുമെന്ന് പ്രഖ്യാപിച്ച ശേഷം വൈകിട്ട് കുമരകത്തേക്ക് മടങ്ങി. സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, കോട്ടയം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ വിഎസ് ഭഗത് എന്നിവരും മധ്യപ്രദേശ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.