Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യഭവനിലേക്ക് ധീവരസഭയുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു
14/01/2021
മത്സ്യത്തൊഴിലാളികളുടെ വലകള്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മത്സ്യഭവനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഓഫീസിനു സമീപം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ നടത്തിയ പ്രതിഷേധ യോഗം ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: വെച്ചൂര്‍ തണ്ണീര്‍മുക്കം ബണ്ട് ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ വലകള്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ കത്തിച്ച് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മത്സ്യഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധീവരസഭ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ച് മത്സ്യഭവന്‍ ഓഫീസിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ സമരം നടത്തി. കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വൈക്കം ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലിനായി സൂക്ഷിച്ചിരുന്ന ഒന്‍പത് വലകള്‍ ഡീസല്‍ ഉപയോഗിച്ച് കത്തിച്ച് നശിപ്പിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വലകള്‍ നശിപ്പിച്ചത്. വലകള്‍ നശിപ്പിച്ചതു മൂലം മത്സ്യത്തൊഴിലാളകളുടെ ഉപജീവന മാര്‍ഗം നഷ്ടമായെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇരുപത് എം. എം. ല്‍ താഴെയുള്ള വലകള്‍ നിരോധിക്കുന്നതിന്റെ പേരില്‍ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് നേതാക്കള്‍ ആരോപിച്ചു. നിരോധനം പിന്‍വലിക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാകണെമന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മത്സ്യഭവന്‍ ഉപരോധനത്തിന് പ്രകടനക്കാരെ പോലീസ് കടത്തി വിട്ടില്ല. ഇതു സംബന്ധിച്ച് പോലീസും സമരക്കാരുമായി തര്‍ക്കമുണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംകെ രാജു, കെകെ അശോക് കുമാര്‍, കെഎസ് കുമാരന്‍, വിഎം ഷാജി, കുട്ടപ്പന്‍, മോഹനന്‍, സുഗുണന്‍, മോഹനന്‍ ചായപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.