Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലക്ഷ്യബോധവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ഐഎഎസ് പദവിയില്‍ അനായാസം എത്തിച്ചേരാം: ടിക്കാറാം മീണ
13/01/2021
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യുന്നു.    

വൈക്കം: ലക്ഷ്യബോധവും ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ അനായാസം ഐഎഎസ് പദവിയില്‍ എത്താമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ട്രല്‍ ഓഫീസറുമായ ടിക്കാറാം മീണ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യവും, ധര്‍മവും, നീതിയും, ന്യായവും ജനാധിപത്യത്തിന്റെ കാതലായ ഭാഗമാണ്. അത് പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം എന്ന വലിയ ഉത്തരവാദിത്വം പൂര്‍ണമാകുകയെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയെ സ്‌നേഹിക്കുന്നതും അതിന്റെ പ്രക്രിയകളില്‍ പങ്കാളികളാകുന്നതും മാന്യമായ സംസംകാരമാണ്. കൃഷിയില്‍ മാലിന്യം ചേര്‍ക്കാതെ ശുദ്ധമായ രീതിയില്‍ വിളയിച്ചെടുക്കുമ്പോള്‍ ആരോഗ്യ സംരക്ഷണത്തിന് അത് ഫലപ്രദമായ ഔഷധമായി മാറുമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ദര്‍ശനങ്ങളും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ ചേരുവകള്‍ ചേര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പിലും തലയാഴം പഞ്ചായത്തില്‍ നാല് ഏക്കര്‍ വരുന്ന സ്ഥലത്തും നടത്തിയ ജൈവപച്ചക്കറി കൃഷിയും അതിന്റെ നടീലും വളപ്രയോഗങ്ങളും വളര്‍ച്ചയും നല്ല വിളവും നല്‍കിയ സാഹചര്യങ്ങളും ടിക്കാറാം മീണ ചുറ്റി നടന്നു കണ്ടു. സ്‌കൂള്‍ വളപ്പിലെ കൃഷിതോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പയറും, തക്കാളിയും, വെണ്ടയും വഴുതനയും മറ്റു ഉല്‍പ്പന്നങ്ങളും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. കൃഷിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കുട്ടികളാണ് ഇതിന്റെ പിന്നിലെന്നു അദ്ദേഹം അന്വേഷിച്ചു അറിഞ്ഞു. സമ്മേളനത്തില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പിവി ബിനേഷ്, പ്രധാനാധ്യാപിക പിആര്‍ ബിജി, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, എല്‍പി  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടി ജിനീഷ്, പ്രീതി വി പ്രഭ, അമൃത പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ തുടര്‍ച്ചയായി നടത്തുന്ന കൃഷിയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അധ്യാപകര്‍ ടിക്കാറാം മീണയ്ക്ക് വിവരിച്ചു കൊടുത്തു.