Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു; കാട്ടിക്കുന്ന് തുരുത്ത് പാലം നിര്‍മാണത്തിന് നടപടികളായി
13/01/2021
ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിലേക്ക് പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്‌സി. എഞ്ചിനീയര്‍ സിസിലി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

വൈക്കം: ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പുകള്‍ക്ക് അറുതിയാകുന്നു. തുരുത്തിലേക്ക് പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കോട്ടയം ബ്രിഡ്ജസ് വിഭാഗം എക്‌സി. എഞ്ചിനീയര്‍ സിസിലി ജോസഫ്, അസി. എഞ്ചിനീയര്‍ കെഎം അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 2020 ഡിസംബര്‍ 31നാണ് പാലത്തിന് ഭരണാനുമതി ലഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് എക്‌സി. എഞ്ചിനീയര്‍ സന്ദര്‍ശനം നടത്തിയത്. 8.60 കോടി രൂപയുടെ പാലം നിര്‍മിക്കാനാണ് നിലവില്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സികെ ആശ എംഎല്‍എയുടെ നിവേദനത്തെ തുടര്‍ന്ന് 2019-20ലെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക പാലത്തിനായി അനുവദിച്ചിരുന്നു. 114 മീറ്റര്‍ നീളത്തിലും ആറര മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. എട്ട് തൂണുകളാണ് പൊതുമരാമത്ത് വകുപ്പ് വിഭാവനം ചെയ്ത പാലത്തിനുള്ളത്. പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എക്‌സി. എഞ്ചിനീയര്‍ സിസിലി ജോസഫ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുണ്ടാകും. നിലവില്‍ ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ സ്ഥലത്തിന്റെ സര്‍വേ ജോലികള്‍ പൂര്‍ത്തീകരിച്ച് സാങ്കേതിക അനുമതിയിലേക്കും ടെന്‍ഡര്‍ നടപടികളിലേക്കും കടക്കും. നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പാലം നിര്‍മാണ നടപടികളിലേക്ക് കടക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സികെ ആശ എംഎല്‍എ അറിയിച്ചു.