Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് സംയുക്തസമിതി നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് പോലീസ് തടഞ്ഞു
12/01/2021
വല്ലകം വൈക്കപ്രയാര്‍ മണപ്പാടത്ത് കുളത്തില്‍ ജയന്റെ വീട്ടില്‍ അക്രമവും കവര്‍ച്ചയും നടന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംയുക്തസമിതി നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ബീച്ച് റോഡില്‍ പോലീസ് തടഞ്ഞപ്പോള്‍.

വൈക്കം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വല്ലകം വൈക്കപ്രയാര്‍ മണപ്പാടത്ത് കുളത്തില്‍ ജയന്റെ വീട്ടില്‍ അക്രമവും കവര്‍ച്ചയും നടത്തിയതില്‍ പ്രതിഷേധിച്ചും, കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത് സംയുക്തസമിതി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഡിവൈഎസ്പി ഓഫീസിന്റെ പരിസരത്ത് ബീച്ച് റോഡിലെത്തിയ പ്രകടനം പോലീസ് സംഘം തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ സമരം നടത്തി.കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ഉച്ചക്ക് 12ന് ഒരു സംഘം ആളുകള്‍ ജയന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍ സ്വര്‍ണവും 2.16 ലക്ഷം രൂപയും അപഹരിച്ചതായി സംയുക്തസമിതി ആരോപിച്ചു. സംഭവം കണ്ട സമീപവാസിയായ പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞതിനെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായും സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതി കൊടുത്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തിയതെന്ന് സംയുക്തസമിതി അറിയിച്ചു. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റ് കെ പ്രഭാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് ജില്ലാ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സിഎം ദാസപ്പന്‍, സിജെ തങ്കച്ചന്‍, തിലകമ്മ പ്രേംകുമാര്‍, സിടി അപ്പുക്കുട്ടന്‍, വൈക്കം കണ്ണന്‍, അപ്പു കാപ്പില്‍, ടിസി രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.