Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വളപ്പില്‍ നടത്തിയ പച്ചക്കറി കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
11/01/2021
തോട്ടകം ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി നടത്തിയ പച്ചക്കറികൃഷിയുടെ തൈകളും സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന കൂടുകളും നശിപ്പിച്ച നിലയില്‍



വൈക്കം: തോട്ടകം ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ 80 സെന്റ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകള്‍, ഫലവൃക്ഷങ്ങള്‍, കപ്പ, പച്ചക്കറികൃഷി എന്നിവ നടത്തിയത്. ഓരോ കൃഷിക്കും സംരക്ഷണമായി കൂട് നിര്‍മിച്ചിരുന്നു. ഇതെല്ലാം തകര്‍ത്തു കൃഷി നശിപ്പിക്കുകയായിരുന്നു. അടച്ചുപൂട്ടൂള്ള ഗ്രൗണ്ടിലേക്ക് കഴിഞ്ഞ രാത്രിയില്‍ മതില്‍ ചാടിക്കടന്നുവന്നാണ് കൃഷി നാശം വരുത്തിയത്. എല്‍പി സ്‌കൂളില്‍ പഠിക്കുന്ന കുരുന്നുകള്‍ക്ക് കൃഷിയുടെ പ്രാധാന്യവും അറിവും പകര്‍ന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്‌കൂള്‍ വളപ്പില്‍ വലിയാനപ്പുഴയുടെ തീരത്ത് കൃഷി നടത്തിയത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്ന് പരിചരണത്തിന് എത്തിയപ്പോഴാണ് കൃഷി പാടെ നശിപ്പിച്ചതായി കണ്ടതെന്ന് പ്രധാനാധ്യാപിക എ ഷൈല പറഞ്ഞു. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, മെമ്പര്‍മാരായ ബിഎല്‍ സെബാസ്റ്റ്യന്‍, രമേശ് പി ദാസ്, കെഎസ് പ്രീജു, റോസി ബാബു, ടി മധു, എന്‍ആര്‍ഇജി എസ് ഹാരിസ്, മേറ്റ് ഉഷ ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വലിയ പ്രതീക്ഷയില്‍ വളര്‍ന്ന കൃഷിയാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ഇത് സംബന്ധിച്ച് വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി പ്രധാനാധ്യാപിക എ ഷൈല പറഞ്ഞു.