Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തിളങ്ങുന്ന വിജയം ജനങ്ങള്‍ നല്‍കിയ അംഗീകാരം: കാനം രാജേന്ദ്രന്‍
03/01/2021
കൊതവറയില്‍ എം രാഘവന്‍ സ്മാരക മന്ദിരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തിളങ്ങുന്ന വിജയത്തിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉല്ലല കൊതവറയില്‍ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ് രാഘവന്റെ സ്മാരകമായി പാര്‍ട്ടി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെമി ഫൈനല്‍ മാത്രമാണ്. ഫൈനലായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ വിജയമായിരിക്കും കേരളത്തിലെ ജനങ്ങള്‍ ഇടതു മുന്നണിക്ക് നല്‍കുക. അധികാരവും പണവും ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് കേരളത്തില്‍ നടപ്പാവില്ലെന്ന് അവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ മനസ്സിലായി. രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ കര്‍ഷക സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇത് കോര്‍പ്പറേറ്റുകള്‍ക്കും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെയുള്ള സമരമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്താകമാനം തൊഴിലാളികളും സമരരംഗത്താണ്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ് രാജ്യത്തെ പുതുതലമുറയും. ജീവിക്കാന്‍ വേണ്ടിയുള്ള ഈ പോരാട്ടങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടിഎന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, സികെ ആശ എംഎല്‍എ, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, കെ.അജിത്ത് എക്‌സ് എംഎല്‍എ, പിഎസ് പുഷ്‌കരന്‍, എസി ജോസഫ്, ടിസി പുഷ്പരാജന്‍, ഡി ബാബു, ജെപി ഷാജി, വി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.