Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലധിഷ്ഠിത പരിശീലന പരിപാടികളുമായി വൈക്കം ശ്രീ മഹാദേവ കോളേജ്
29/12/2020

വൈക്കം: അയ്യര്‍കുളങ്ങര ശ്രീമഹാദേവ കോളേജിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിവിധ ട്രെയ്‌നിങ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് നടക്കും. പ്രതിരോധ സേനകള്‍, കേന്ദ്ര പോലീസ് സേനകള്‍, കേരള പോലീസ്, അനുബന്ധ സേനകള്‍ തുടങ്ങിയവയിലേക്ക് നടത്തപ്പെടുന്ന റിക്രൂട്ട്‌മെന്റുകളില്‍ വേണ്ട ശാരീരിക ക്ഷമതക്കായും മത്സര എഴുത്തുപരീക്ഷകള്‍ക്കായും ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആറു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. സി ആപ്റ്റ് കാമ്പസ് സെന്ററിന്റെ വിവിധ ഡിപ്ലോമാ കോഴ്‌സുകള്‍ക്കും അഞ്ചിന് തുടക്കമാകും. രാവിലെ 9 30ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ സികെ ആശ, അഡ്വ. മോന്‍സ് ജോസഫ്, വൈക്കം ഡിവൈഎസ്പി സിജി സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍, നാഷണല്‍ ഫുട്‌ബോള്‍ വിജയികള്‍ എന്നിവരെ ആദരിക്കും. ശ്രീമഹാദേവ എഡ്യൂേക്കഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയും ഓം ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്ലസ് ടു തലത്തില്‍ വൈക്കം താലൂക്കിലെ സ്‌ക്കൂളുകളില്‍ കരിയര്‍ കൗണ്‍സിലിംഗിലൂടെ ശരിയായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുവാന്‍ സഹായിക്കുന്ന മാര്‍ഗദര്‍ശി പരിപാടി, പഠനത്തോടൊപ്പം തൊഴില്‍ എന്ന സന്ദേശം ഉയര്‍ത്തി കൊണ്ട് എംജി യൂണിവേഴ്‌സിറ്റിയുടെ എംഒഒസി പദ്ധതിയും ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്വുബേഷന്‍ വകുപ്പുമായി സഹകരിച്ച് സംരംഭകത്വ യൂണിറ്റ് എന്നിവയും കോളേജില്‍ ആരംഭിക്കും. പ്രാദേശിക തലത്തിലുള്ള കായിക താല്‍പര്യമുള്ള കുട്ടികളെ സൗജന്യമായി പരിശീലിപ്പിച്ച് മികച്ച കായിക പ്രതിഭകളാക്കുന്നതിനുള്ള 'കായികം' പദ്ധതിക്കും ശ്രീമഹാദേവ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നുണ്ട്. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പ്രോഗ്രാമുകളാണ് നടപ്പിലാക്കുവാനാണുദ്ദേശിക്കുന്നതെന്ന് ശ്രീമഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പിജിഎം നായര്‍, പ്രൊഫ. സെറ്റിന പി പൊന്നപ്പന്‍ (പ്രിന്‍സിപ്പാള്‍), വിആര്‍സി നായര്‍ (ട്രെയിനിങ് വിഭാഗം മേധാവി ആന്റ് അഡീ. ഡയറക്ടര്‍), ബി മായ (മാനേജര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.