Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മനപ്പാഠമായി നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും, മത്സ്യക്ക്യഷിയും.
11/12/2020
ആശ്രമംസ്‌കൂളിലെ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും വിപണനമേള എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ബിനി ബിനേഷും, കണിച്ചേരിമഠം ബാലുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മനപ്പാഠമായി നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും, മത്സ്യക്ക്യഷിയും. വിദ്യാര്‍ത്ഥികള്‍ ഓരോ കൃഷിരീതിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് സ്വായത്തമാക്കിക്കഴിഞ്ഞു. പരിചയ സമ്പന്നരായ കര്‍ഷകരില്‍ നിന്നും നേടിയെടുത്ത കൃഷിയെക്കുറിച്ചുള്ള അറിവാണ് ഓരോ കൃഷിയുടെയും വിജയത്തിന് പിന്നില്‍. മണ്ണിന്റെ ഗുണവും മണവും അറിഞ്ഞ് കാലവും നേരവും നോക്കി വിത്തുപാകിയാല്‍ അതിന്റെ വിളവ് എത്രയെന്ന് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കറിയാവുന്നതുകൊണ്ട് ഓരോ കൃഷിയും പിഴവ് കൂടാതെ നടത്താന്‍ കഴിയുന്നുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സ്‌കൂള്‍ പഠനത്തില്‍ അവധി ലഭിച്ചപ്പോള്‍ കൃഷിയുടെ ബാലപാഠം മനസ്സിലാക്കാന്‍ കുട്ടികള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ പാടത്ത് നെല്‍ക്കൃഷിക്ക് വിത്തുപാകിയപ്പോള്‍ കൃഷിയിടം പച്ചപ്പണിഞ്ഞു. എതാനും ആഴ്ചകള്‍ക്കുള്ളില്‍ വിളവെടുക്കാനാവും. ഇതേ പഞ്ചായത്തില്‍ തന്നെ നാലേക്കര്‍ സ്ഥലത്ത് നടത്തിയ പച്ചക്കറിക്കൃഷിയും വിജയത്തിലേക്കെത്തുകയാണ്. കപ്പ, പടവലം, വഴുതന, ചീര, വെള്ളരി, വെണ്ട, പാവല്‍, പയര്‍, തക്കാളി, ചേന, റാഡിഷ് വാഴ, മത്തന്‍, കുമ്പളം, തണ്ണിമത്തന്‍, കുക്കുമ്പര്‍ എന്നീ ഇനങ്ങളാണ് വിളഞ്ഞു വരുന്നത്. ഇതേ ഗ്രാമപഞ്ചായത്തിലെ തന്നെ പത്തുസെന്റ് വീതം വരുന്ന രണ്ടുകുളങ്ങളില്‍ തുടങ്ങിയ കരിമീന്‍ കൃഷിയും വിജയത്തിലാണ്. വിളവെടുക്കാന്‍ എതാനും മാസങ്ങള്‍ കൂടി മതി. വിദ്യാര്‍ത്ഥികളുടെ ശക്തിയും പിന്‍ബലവുമായി പ്രവര്‍ത്തിക്കുന്നത് സ്‌കൂളിലെ മാതൃഭൂമി സീഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ് യൂണിറ്റുകള്‍, റെഡ്‌ക്രോസ്, ലിറ്റില്‍ കൈറ്റ്, അദ്ധ്യാപകര്‍, പി.ടി.എ എന്നീ വിഭാഗങ്ങളാണ്. പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ചീരക്കൃഷിയില്‍ നിന്നുമാത്രമായി 27000 രൂപയുടെ വരുമാനമുണ്ടായി. പീച്ചില്‍, കുക്കുമ്പര്‍ എന്നിവയുടെ വിളവെടുപ്പും തുടങ്ങി. ആദ്യവിപണനത്തില്‍ ഈ വിഭാഗത്തില്‍ 20000 രൂപയുടെ വരുമാനം കിട്ടി. കൃഷിവഴി ലഭിക്കുന്ന വരുമാനം സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. രണ്ടാംഘട്ട വിളവെടുപ്പ് 17ന് നടക്കും. ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും വിപണനമേള എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ബിനി ബിനേഷും കണിച്ചേരിമഠം ബാലുവും ചേര്‍ന്ന് നിര്‍വഹിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.