Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തി സാന്ദ്രമായി.
09/12/2020

വൈക്കം: പതിമൂന്നു രാപകല്‍ ക്ഷേത്രനഗരത്തെ ഭക്തിയില്‍ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തി സാന്ദ്രമായി. തന്ത്രി മുഖ്യന്‍മാരായ കിഴക്കിനേടേത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയില്‍ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. തുടര്‍ന്ന് നടന്ന ഗജപൂജക്ക് ശേഷം ഭഗവാന്റെ പ്രസാദം എഴുന്നളളിക്കുന്ന ഗജവീരന് നല്കി. ഗജവീരന്‍ മലയാലപ്പുഴ രാജന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി. ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവടിന് അഭിമുഖമായി നിന്ന് പാര്‍വ്വതിദേവിയോട് യാത്ര ചോദിച്ചു. ദേവിയെ സംരക്ഷിക്കുവാന്‍ അനുചരന്‍മാര്‍ക്ക് നിര്‍ദേശം നല്കി ആറാട്ടിനായി പുറപ്പെട്ടു. ഉദയനാപുരം ക്ഷേത്രത്തിന്റെ ഗോപുരം കയറി നിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പന്‍ എഴുന്നള്ളി അരിയും പൂവും എറിഞ്ഞു വരവേറ്റു. വെളി നെല്ലൂര്‍ - മണികണ്ഠന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട്. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായി. ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ എത്തിയതോടെ കൂടിപ്പൂജയും നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലില്‍ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തങ്കവിഗ്രഹങ്ങള്‍ ഒരേ പീഠത്തില്‍ വച്ച് പൂജകള്‍ ചെയ്യുന്ന ചടങ്ങാണ് കൂടിപ്പൂജ. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു. വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.