Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി
12/11/2020
ഉദയനാപുരം പഞ്ചായത്ത് 14-ാം വാര്‍ഡിലെ മെമ്പര്‍ പി.ഡി ജോര്‍ജ്ജിന്റെ സേവനമികവിനെ ആദരിച്ച് 90 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കിയ യാത്രയയപ്പില്‍ സ്‌നേഹോപഹാരമായി സ്വര്‍ണ്ണമോതിരം സമ്മാനിക്കുന്നു.

വൈക്കം: സേവനരംഗത്ത് തങ്ങളില്‍ ഒരാളായി നിന്ന് വാര്‍ഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച പഞ്ചായത്ത് മെമ്പര്‍ പി.ഡി ജോര്‍ജ്ജിന് തൊണ്ണൂറ് തൊഴിലുറപ്പ് തൊഴിലാളികളുടെ സ്‌നേഹോപഹാരം. ഷാളോ പൂച്ചെണ്ടുകളോ അല്ല സ്വര്‍ണ്ണ മോതിരം അണിയിച്ചാണ് തൊഴിലാളികള്‍ വാര്‍ഡ് മെമ്പര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. ഉദയാനപുരം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിയുന്ന ജോര്‍ജിന് തൊഴിലാളികള്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലാണ് സ്വര്‍ണ്ണമോതിരം സമ്മാനിച്ചത്. പ്രളയകാലത്തും മഹാമാരിയിലും വാര്‍ഡിനോടും നിവാസികളോടും പുലര്‍ത്തിയ ഉത്തരവാദിത്വബോധവും സേവനമനോഭാവവും നിറവേറ്റിയ ജോര്‍ജ്ജിന്റെ നല്ല മനസ്സിനെ ഞങ്ങള്‍ സ്‌നേഹത്തോടെ ആദരിക്കുകയാണെന്ന് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി പറഞ്ഞു. ജനങ്ങളുടെ ഏതൊരാവശ്യത്തിനും ഏത് സമയത്തു വിളിച്ചാലും ഒരു മടിയും കൂടാതെ ഓടിയെത്തുന്ന നല്ല മനസ്സിന്റെ ഉടമയാണ് വാര്‍ഡ് മെമ്പറെന്ന് സംഘാടക അമ്മിണി ഗോപാലകൃഷ്ണനും പറയുന്നു. തൊഴിലാളികള്‍ക്ക് അവരുടേതായ രാഷ്ട്രീയ ചിന്തകളുണ്ട്. പക്ഷേ ഇവിടെ രാഷ്ട്രീയം മറന്നുകൊണ്ടുള്ള സ്‌നേഹാദരവാണ് ഞങ്ങള്‍ പി.ഡി ജോര്‍ജ്ജിന് നല്‍കുന്നതെന്ന് സംഘാടക അജിത വടക്കേപ്പള്ളത്ത് പറഞ്ഞു. വാര്‍ഡിന്റെ വികസനത്തിന് പരമാവധി സഹായങ്ങള്‍ വാങ്ങിയെടുത്തതിന്റെ പിന്നില്‍ ജോര്‍ജ്ജിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും തൊഴിലാളികള്‍ വിശ്വസിക്കുന്നു. ലൈഫ് ഭവനപദ്ധതിയില്‍പ്പെടുത്തി 25 നിര്‍ദ്ധനകുടുംബങ്ങള്‍ക്കും പ്രളയക്കെടുതിയില്‍പ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കും വീട് അനുവദിച്ച് കിട്ടിയത് ജോര്‍ജ്ജിന്റെ ഇടപെടല്‍ മൂലമാണെന്നാണ് ആഞ്ഞിലിക്കത്തറ മഞ്ജുവിന്റെ പൂര്‍ണ്ണവിശ്വാസം. റോഡുകളുടെയും മറ്റ് മേഖലകളുടെയും വികസനത്തിന് പരമാവധി ശ്രമം ഉണ്ടായിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.