Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ജാതി ദുരഭിമാന ആക്രമണം. ദൃക്‌സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമം
10/11/2020

വൈക്കം: ജാതിദുരഭിമാനത്തില്‍ വല്ലകം മണപ്പാടത്തുകുളത്തില്‍ വീട്ടില്‍ പട്ടികജാതിക്കാരനായ ജയന്റെ വീട് പട്ടാപ്പകല്‍ ആക്രമിച്ചു വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന രണ്ടുലക്ഷത്തി പതിനാറായിരം രൂപയും രണ്ടരപ്പവന്റെ സ്വര്‍ണവളയും അപഹരിക്കുകയും വീടാക്രമണത്തിലെ ദൃക്‌സാക്ഷിയായ പതിനഞ്ചുവയസ്സുകാരിയെ വീട്ടുമുറ്റത്തുവച്ച് രാത്രിയില്‍ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെയും കേസ് അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നതല അന്വേഷണം നടത്തി പട്ടികജാതി പീഢനനിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന് വൈക്കം ദളിത് സംയുക്ത സമരസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജയന്റെ ഇളയമകന്‍ അര്‍ജുനനും സമീപപ്രദേശമായ നക്കംതുരുത്തിലെ പട്ടികജാതിയല്ലാത്ത വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ മകളുമായി പ്രണയത്തിലായതിന്റെ പ്രതികാരവും വിരോധവുമാണ് ഈ ജാതി ദുരഭിമാന ആക്രമണത്തിനു കാരണം. സെപ്തംബര്‍ 28ന് രാവിലെ പത്തുമണിയോടു കൂടിയാണ് ഇരുചക്ര വാഹനങ്ങളില്‍ വന്ന അഞ്ചംഗസംഘം വീടാക്രമണം നടത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജയനും ഭാര്യയും മക്കളും അന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിരുന്ന സമയത്താണ് വീടാക്രമണം നടത്തിയത്. ടി.വി, ഫ്രിഡ്ജ്, അലമാര, മോട്ടോര്‍ ബൈക്ക് എന്നിവ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ ദൃക്‌സാക്ഷിയായ മനപ്പാടത്തുതറ വീട്ടില്‍ സോമന്റെ ചെറുമകളെ ഒക്ടോബര്‍ 21 രാത്രി 9 മണിക്ക് വീട്ടുമുറ്റത്തുവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വൈക്കം പോലീസ്, വൈക്കം ഡി.വൈ.എസ്.പി, കോട്ടയം എസ്.പി, തിരുവന്തപുരം ഡി.ജി.പി, വൈക്കം എം.എല്‍.എ, പട്ടികജാതി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതിക്ഷേമ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതുമാണ്. വൈക്കം പോലീസ് സ്‌റ്റേഷനില്‍ വച്ച് വീടാക്രമിച്ച രണ്ടുപേരെ ദൃക്‌സാക്ഷി പോലീസ് സാന്നിദ്ധ്യത്തില്‍ തിരിച്ചറിഞ്ഞിട്ടും പോലീസ് അവരെ നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. ജാതിദുരഭിമാനത്താല്‍ വീടാക്രമിച്ചവര്‍ക്കെതിരെ പട്ടികജാതി പീഢനനിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്നും കേസ് അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഢന നിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലേക്ക് ദളിത് സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. പത്രസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി, കണ്‍വീനര്‍ പ്രഭാകരന്‍, ജയന്റെ ഭാര്യ അംബിക, മകന്‍ അര്‍ജുനന്‍, ദൃക്‌സാക്ഷിയായ പെണ്‍കുട്ടി, വിവിധ പട്ടികജാതി സംഘടന നേതാക്കളായ വൈക്കം ബാബു, സി.എം ദാസപ്പന്‍, സി.റ്റി അപ്പുക്കുട്ടന്‍, കുഞ്ഞുമോന്‍, കണ്ണന്‍, സുനില്‍കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.