Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷിയുടെ കുഞ്ഞുങ്ങള്‍ തലയാഴം പഞ്ചായത്തിലെ രണ്ട് കുളങ്ങളില്‍ നിക്ഷേപിച്ച് ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
09/11/2020
ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തലയാഴം പഞ്ചായത്തിലെ രണ്ട് കുളങ്ങളില്‍ നടപ്പാക്കുന്ന കരിമീന്‍ കൃഷിയുടെ കുഞ്ഞുങ്ങള്‍ നിക്ഷേപം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു നിര്‍വഹിക്കുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ കൃഷിയേതും വഴങ്ങും. പാടശേഖരങ്ങള്‍ ശുചീകരിച്ച് നെല്‍കൃഷിക്ക് വിത്തുപാകി. പുരയിടങ്ങള്‍ കിളച്ചൊരുക്കി പച്ചക്കറികൃഷിയും. ഇപ്പോഴിതാ കുളങ്ങള്‍ വൃത്തിയാക്കി മത്സ്യക്കൃഷിയും നടപ്പാക്കുന്നു. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് തുടങ്ങിയ നെല്‍കൃഷി പറിച്ചു നടീല്‍ കഴിഞ്ഞു. പഞ്ചായത്തിലെ തന്നെ നാലേക്കര്‍ സ്ഥലത്ത് പച്ചക്കറികൃഷിയും തുടങ്ങി. പഞ്ചായത്തിലെ 20 സെന്റ് വരുന്ന രണ്ടുകുളങ്ങള്‍ വൃത്തിയാക്കി കരിമീന്‍ കൃഷിക്കായ് കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. കൃഷിമേഖലയെ ധന്യമാക്കി ഉല്‍പ്പാദനരംഗത്ത് സ്വയം പര്യാപ്ത നേടുക എന്നതാണ് ലക്ഷ്യം. അദ്ധ്യാപകരും പി.ടി.എ യും കൈകോര്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി മനപ്പാഠമാകുന്നു. ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി ആയിരം ചുവട് കപ്പ, 187 തടങ്ങളില്‍ ചേന, 107 കുഴികളില്‍ ചേമ്പ്, 62 കുഴികളില്‍ കാച്ചില്‍ എന്നിവയും നട്ടു. ഇതിന്റെ ഭാഗമായി പാവല്‍, പടവലം, പീച്ചില്‍, വെണ്ട, വഴുതന, കാരറ്റ്, ബീന്‍സ്, തക്കാളി, വള്ളിപ്പയര്‍, മത്തന്‍, കുമ്പളം, വെള്ളരി, ചീര, ക്യാപ്‌സിക്കം, പച്ചമുളക്, കാന്താരി, കുക്കുമ്പര്‍ തുടങ്ങിയ ഇനങ്ങളും കൃഷിചെയ്തിട്ടുണ്ട്. സ്‌കൂളിലെ എസ്.പി.സി, എന്‍.എസ്.എസ്, ജെ.ആര്‍.സി, ലിറ്റില്‍ കൈറ്റ്, മാതൃഭുമി സീഡ് തുടങ്ങിയ ക്ലബുകളുടെയും പി.ടി.എ യുടെയും നേതൃത്വത്തിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ വഴിയുണ്ടാകുന്ന നേട്ടം സ്‌കൂളിലെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കരിമീന്‍ കൃഷിക്കായി 500 കുഞ്ഞുങ്ങളുടെ നിക്ഷേപം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍മാരായ എ.ജ്യോതി, ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, അദ്ധ്യാപകരായ മഞ്ജു എസ് നായര്‍, മിനി വി അപ്പുക്കുട്ടന്‍, അമൃത പാര്‍വ്വതി, പ്രീതി വി പ്രഭ, ജയന്തി കെ തങ്കപ്പന്‍, റിറ്റു എസ് രാജ്, റെജി എസ് നായര്‍, ജിജി എന്നിവര്‍ പങ്കെടുത്തു.