Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും.
30/10/2020

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. അഷ്ടമിചടങ്ങുകള്‍ക്ക് ആനയെ ഒഴിവാക്കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരെ ഹിന്ദുഐക്യവേദി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ഒക്ടോബര്‍ 20 മുതല്‍ വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയില്‍ നാമജപമാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്തജനവികാരം കണ്ട് ദേവസ്വംബോര്‍ഡ് ഒരാനയെ അനുവദിച്ചു. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിയെഴുന്നള്ളിപ്പ്, ആചാരത്തിന്റെ ഭാഗമായുള്ള വിടപറച്ചില്‍ എന്നിവ ഒരു ആനയെ മാത്രമുപയോഗിച്ച് നടത്തുവാന്‍ കഴിയില്ല. അഷ്ടമിയാഘോഷങ്ങള്‍ ആചാരലംഘനമുണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ രണ്ട് ആനകളെയെങ്കിലും അനുവദിക്കണം. ഈ ചടങ്ങിനു കൂടി ആനയ്ക്ക് അനുമതി നല്‍കുന്നതുവരെ നാമജപവുമായി മുന്നോട്ടു പോകും. ഇതിന്റെ രണ്ടാംഘട്ടമായി നവംബര്‍ 2ന് രാവിലെ 10 മണിക്ക് വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാലുഗോപുരനടയിലും നാമജപ സംഗമം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണവര്‍മ്മ, തന്ത്രി അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, ഭഗവതാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍ തുടങ്ങിയവര്‍ നാലുഗോപുരനടയിലും ഉദ്ഘാടനം ചെയ്യും. വൈക്കത്തഷ്ടമിക്ക് ആചാരലംഘനമുണ്ടാകുന്ന വിധം ആനകളെ നിരോധിച്ച വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനാണ്. ആന ആചാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞാണ് ക്ഷേത്രചടങ്ങുകള്‍ അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ആരോപിച്ചു. കൊവിഡ് -19 ന്റെ പേരില്‍ ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും ദേവസ്വം ബോര്‍ഡിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി ഉത്സവചടങ്ങുകള്‍ ഭംഗം വരാതെ നടത്തുവാന്‍ ദേവസ്വംബോര്‍ഡ് തയ്യാറാകണമെന്നും രാജേഷ് നട്ടാശ്ശേരി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.ഡി സന്തോഷ്, ട്രഷറര്‍ പി.എന്‍ വിക്രമന്‍ നായര്‍, വൈക്കം താലൂക്ക് ഉപാദ്ധ്യക്ഷന്‍ റ്റി.കെ ശിവരാജന്‍ എന്നിവരും പങ്കെടുത്തു.